SHARE

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ വലിയ പങ്കാണ് ഐ എസ് എല്‍ വഹിക്കുന്നത്. ലീഗ് തുടങ്ങി നാലു വര്‍ഷമാവുമ്പോഴേക്കും നിരവധി ഇതിഹാസതാരങ്ങളും ഇന്ത്യയിൽ പന്തു തട്ടാനെത്തി. ദിമിറ്റര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഡീഗോ ഫോര്‍ലാന്‍, നിക്കോളാസ് അനല്‍ക്ക തുടങ്ങി നിരവധി പേര്‍. ഇതില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്തു തട്ടിയവരുമുണ്ട്. അവരെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

2015ലെ രണ്ടാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന സിമാവോ സാംബ്രോസ പോര്‍ച്ചുഗീസ് ദേശീയ ടീമില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ച താരമാണ്. 1998-2010 വരെ പോര്‍ച്ചുഗലിനായി 85 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകളാണ് സാംബ്രോസ നേടിയത്. 2003ലാണ് റൊണാള്‍ഡോ ടീമിലെത്തുന്നത്. ഐ എസ് എല്ലില്‍ 10 കളികളില്‍ നിന്ന് 3 ഗോളുകളാണ് സാംബ്രോസ നേടിയത്. ബാഴ്‌സലോണ, അത്‌ലറ്റികോ മഡ്രിഡ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും സാംബ്രോസ പന്തു തട്ടിയിട്ടുണ്ട്.

സ്പാനിഷ് അണ്ടര്‍ 17 ടീമില്‍ കളിച്ച മാര്‍കസ് ടെബാറാണ് റൊണാള്‍ഡോയ്‌ക്കൊപ്പം കളത്തിലിറങ്ങിയ മറ്റൊരു താരം. 1998ല്‍ റയല്‍ മഡ്രിഡ് അക്കാദമിയിലെത്തിയ താരം 2009-10ലാണ് റയല്‍ സീനിയര്‍ ടീമില്‍ കളിക്കുന്നത്. എന്നാല്‍ ചില സൗഹൃദ മത്സരങ്ങളില്‍ മാത്രമാണ് താരം റൊണാള്‍ഡോയ്‌ക്കൊപ്പം ബുട്ട് കെട്ടിയത്. 2016ല്‍ ഡെല്‍ഹിയിലും 2017ല്‍ പൂനെയിലുമാം കളിച്ച ടെബാര്‍ 18 കളികളില്‍ നിന്ന് 1 ഗോളാണ് ഐ എസ് എല്ലില്‍ നേടിയിട്ടുള്ളത്.

സെറീനോ (നാലാം നമ്പർ)

ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിക്കും കൊല്‍ക്കത്തയ്ക്കും വേണ്ടി കളിച്ച പോര്‍ച്ചുഗീസ് താരം ഹെന്റിക് സെറീനോ, പോര്‍ച്ചുഗീസ് ടീമിലാണ് റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചത്. 2013ല്‍ ക്രൊയേഷ്യയ്‌ക്കെതിരെ നടന്ന മത്സരത്തിലെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയതോടെയാണ് സെറീനോയ്ക്ക് ആ ഭാഗ്യം ലഭിച്ചത്. മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തന്‍ ജേഴ്‌സിയില്‍ ഐ എസ് എല്‍ കിരീടം നേടിയ സെറീനോ ഇത്തവണ ചെന്നൈയിനിലേക്ക് കൂടുമാറുകയായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ദിമിറ്റര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കളത്തിലിറങ്ങിയത്. 2008 മാഞ്ചസ്റ്ററിലെത്തിയ ബെര്‍ബറ്റോവ്, കാര്‍ലോസ് ടെവസിനും റൊണാള്‍ഡോയ്ക്കുമൊപ്പം മാഞ്ചസ്റ്റര്‍ മുന്നേറ്റത്തില്‍ മികച്ച കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 9 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് ബെര്‍ബ നേടിയത്. വെസ് ബ്രൗണാണ് ഏറ്റവുമധികം കാലം റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ച ഐ എസ് എല്‍ താരം.

റൊണാള്‍ഡോയുടെ ആറുവര്‍ഷം നീണ്ട മാഞ്ചസ്റ്റര്‍ കരിയറിലുടനീളം വെസ് ബ്രൗണ്‍ ഒപ്പമുണ്ടായിരുന്നു. ഏകദേശം 153 മത്സരങ്ങളാണ് ഇരു താരങ്ങളും ഒരുമിച്ച് കളത്തിലിറങ്ങിയത്. ഇതിനിടെ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു യുവേഫാ ചാമ്പ്യന്‍സ് ലീഗും ബ്രൗണ്‍ റൊണാള്‍ഡോയ്‌ക്കൊപ്പം നേടി. വെസ് ബ്രൗണ്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി 14 മത്സരങ്ങളാണ് കളത്തിലിറങ്ങിയത്. ബുള്ളറ്റ് ഹെഡറിലൂടെ ഒരു ഗോളും താരം ലീഗില്‍ നേടി. ഇനി വരും വര്‍ഷങ്ങളില്‍ ഏതെല്ലാം ഇതിഹാസങ്ങള്‍ ഇന്ത്യയില്‍ കളിക്കാനെത്തുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ വരുന്നവരില്‍ പലര്‍ക്കും പ്രതാപകാലത്തെ പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.