SHARE

ഐ എസ് എല്‍ ഒരു സീസണില്‍ ഏറ്റവും ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി എഫ് സി ഗോവ താരം ഫെറാന്‍ കോറോമിനാസ്. ഇന്ന് പൂനെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതിലൂടെയാണ് കോറോ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. പൂനെയ്ക്കെതിരെ നേടിയ ഇരട്ട ഗോളുകളടക്കം 15 ഗോളുകളാണ് നാലാം സീസണില്‍ ഇതുവരെ കോറോ നേടിയിട്ടുള്ളത്.

2015 സീസണില്‍ ചെന്നൈയിന്‍ താരമായിരുന്ന സ്റ്റീവന്‍ മെന്‍ഡോസ നേടിയ 13 ഗോളുകളെന്ന റെക്കോര്‍ഡാണ് കോറോ മറികടന്നത്. 2014 ആദ്യസീസണില്‍ 8 ഗോളുകള്‍ നേടിയ എലാനോയാണ് ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ സീസണില്‍ 10 ഗോളുകളടിച്ച മാഴ്‌സലീഞ്ഞോയും ഈ നേട്ടം കൈവരിച്ചു. 59 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമാണ് ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍.

നാലാം സീസണില്‍ ബെംഗളുരുവിന്റേ മിക്കു 12 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്. ഡല്‍ഹി താരം കാലു ഉച്ചെ (10), മാനുവല്‍ ലാന്‍സറോട്ട (9) എന്നിവരാണ് കോറോയുടെയും മിക്കുവിന്റെയും പിന്നിലുള്ളത്. 17 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകളുമായി ബെംഗളുരു നായകന്‍ സുനില്‍ ഛേത്രി നാലാം സ്ഥാനത്തും ഇന്ത്യൻ താരങ്ങളിൽ ഒന്നാമതുമാണ്. 50 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടിയ ചെന്നൈയിന്‍ താരം ജെജെയാണ് ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം.