SHARE

ഇന്ത്യന്‍ സൂപ്പര്‍ലീഗ് സാമ്പത്തികമായ പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്. സംഘാടകരായ റിയലന്‍സ് ഗ്രൂപ്പിന് സാമ്പത്തിക പ്രശ്‌നങ്ങളില്ലെങ്കിലും ഫ്രാഞ്ചൈസികളെല്ലാം തന്നെ കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ എല്ലാ ക്ലബുകള്‍ക്കും കഴിഞ്ഞ സീസണിലും കൈപൊള്ളി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ് ഇതിനൊരു അപവാദം.

ഇപ്പോഴിതാ ക്ലബുകളുടെ സാമ്പത്തികഭാരം ലഘൂകരിക്കാനുള്ള നീക്കം സംഘാടകര്‍ കൈക്കൊണ്ടിരിക്കുകയാണ്. വിദേശതാരങ്ങളുടെ എണ്ണം ചുരുക്കുകയാണ് അടുത്ത സീസണ്‍ മുതല്‍. ടീമില്‍ ആറു വിദേശതാരങ്ങളെ മാത്രമാകും അടുത്ത സീസണ്‍ മുതല്‍ അനുവദിക്കുക. കഴിഞ്ഞ സീസണില്‍ ഇത് ഏഴായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ മികവു പ്രകടിപ്പിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ വിദേശതാരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‌കേണ്ടതുണ്ട്. ഇത് ക്ലബുകള്‍ക്ക് താങ്ങാനാവുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു നീക്കം. വിദേശതാരങ്ങളെ അപേക്ഷിച്ച് പ്രാദേശിക താരങ്ങള്‍ക്ക് കുറഞ്ഞ പ്രതിഫലം നല്കിയാല്‍ മതി. ആദ്യ സീസണുകളില്‍ ഉണ്ടായിരുന്ന മാര്‍ക്കീ താരങ്ങളെന്ന നിബന്ധനയും പിന്നീട് ഒഴിവാക്കിയിരുന്നു.