SHARE

ഇന്ത്യൻ ദേശീയ ടീമിന്റെ പ്രകടനം കഴിഞ്ഞ കുറച്ചുനാളുകളായി പിന്നോട്ടാണ് കുതിക്കുന്നതെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള നേപ്പാൾ, ബം​ഗ്ലാദേശ് തുടങ്ങിയ ടീമുകളോട് പോലും കഷ്ടിച്ച് തോൽവി ഒഴിവാക്കുകയായിരുന്നു ഇന്ത്യ പല മത്സരങ്ങളിലും.

ടീമിന്റെ ഈ മോശം പ്രകടനത്തിൽ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെതിരെ രൂക്ഷവിമർശനമുയരുകയാണ്. എന്നാൽ സ്റ്റിമാച്ച് അതൊന്നും വകവയ്ക്കുന്നില്ല. ഓരോ മത്സരത്തിന് മുമ്പും ശേഷവും കുറേ ന്യായീകരണങ്ങൾ നിരത്തുകയാണ് അദ്ദേഹം. ശ്രീലങ്കയെക്കെതിരായ സാഫ് കപ്പ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെക്കണ്ട സ്റ്റിമാച്ച് ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ പോരായ്മകളെക്കുറിച്ചും വിശദീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് സ്റ്റിമാച്ച് ഐഎസ്എല്ലിന്റെ പ്രശ്നങ്ങളെക്കുറിച്ച് മറുപടി നൽകിയത്.

ഐഎസ്എല്ലിന് ഇപ്പോഴും ചില പോരായ്മകളുണ്ട്, ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഐഎസ്എല്ലിൽ തരംതാഴ്ത്തൽ ഇല്ല എന്നതാണ്, ലീ​ഗിൽ നിന്ന് ടീമുകൾ തരംതാഴില്ല എന്ന സാഹചര്യമുള്ളപ്പോൾ, ലീ​ഗിലെ പോരാട്ടം അത്ര കടുപ്പമേറിയതാകില്ല, ഇതിൽ മാറ്റം വരണം, സ്റ്റിമാച്ച് പറഞ്ഞു.

കോവിഡ് പ്രതിസന്ധി അവസാനിച്ചശേഷം നിലവിലെ മൂന്ന് മാസത്തെ ലീ​ഗെന്ന സംവിധാനം മാറ്റണം, പകരം എട്ട് മാസം ദൈർഘ്യമുള്ള ലീ​ഗ് വരണം, ബയോബബളിലുള്ള ഫുട്ബോൾ ലീ​ഗ് അവസാനിച്ച് കളിക്കാർ സാധരണ​ഗതിയിൽ കളിക്കുകയും ലീ​ഗിന്റെ ദൈർഘ്യമേറുകയും ചെയ്യുമ്പോൾ അത് ഇന്ത്യൻ ഫുട്ബോളിന് ​ഗുണം ചെയ്യും, ഒപ്പം ലീ​ഗിൽ വിദേശകളിക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം വന്നതും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് നല്ലതാണ്, സ്റ്റിമാച്ച് കൂട്ടിച്ചേർത്തു.