SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. ഒഡിഷ എഫ്സി ഒഴികെയുള്ള എല്ലാ ടീമുകളും ആദ്യ മത്സരം കളിച്ചുകഴിഞ്ഞു. ആദ്യ റൗണ്ടിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ ഈസ്റ്റ് ബം​ഗാളും ജെംഷദ്പുർ എഫ്സിയും തമ്മിലുള്ള മത്സരം മാത്രമാണ് സമനിലയിൽ കലാശിച്ചത്.

ആദ്യ റൗണ്ട് മത്സരങ്ങൾ കഴിഞ്ഞതിന് പിന്നാലെ ടീം ഓഫ് ദ വീക്കും ഐഎസ്എൽ പ്രഖ്യാപിച്ചു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രം തിരഞ്ഞെടുത്ത ടീമിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങളും ഇടം പിടിച്ചു. മലയാളി താരം സഹൽ അബ്ദുൾ സമദ്, യുറു​ഗ്വെ താരം അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളായുള്ളത്. ഇരുവരേയും മധ്യനിരയിലേക്കാണ് പരി​ഗണിച്ചത്.

3-4-3 ഫോർമേഷനിലുള്ള ടീമിനെയാണ് തിരഞ്ഞെടുത്തത്. ചെന്നൈയിൻ എഫ്സിയുടെ വിശാൽ കൈത്താണ് ​ഗോളി. ഈസ്റ്റ് ബം​ഗാളിന്റെ ക്രൊയേഷ്യൻ താരം ഫ്രാനോ പർസെ, ജംഷദ്പുരിന്റെ ഇം​ഗ്ലീഷ് താരം പീറ്റർ ഹാർട്ലി, ചെന്നൈയിന്റെ നാരായൺ ദാസ് എന്നിവരാണ് പ്രതിരോധനിരയിൽ.

മധ്യനിരയിൽ സഹലിനും ലൂണയ്ക്കും പുറമെ ജെംഷദ്പുരിന്റെ ബ്രസീലിയൻ താരം അലക്സ് ലിമ, ചെന്നൈയിന്റെ ഹം​ഗേറിയൻ താരം വ്ലാഡിമിർ കോമാൻ എന്നിവരാണുള്ളത്. മുന്നേറ്റനിരയിൽ മുംബൈയുടെ സ്പാനിഷ് താരം ഇ​ഗോർ ആം​ഗുലോയ്ക്കൊപ്പം എടികെ മോഹൻ ബ​ഗാന്റെ ഫ്രഞ്ച് താരം ഹ്യൂ​ഗോ ബോമോയും ഫിജി താരം റോയ് കൃഷ്ണയുമാണുള്ളത്.