ഇതിഹാസ താരങ്ങള്‍ അരങ്ങു വാഴുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് റോബീഞ്ഞോയും എത്തുമെന്ന് പറഞ്ഞാല്‍ അതിനെ തള്ളിക്കളയാന്‍ കഴിയില്ല. ദിമിറ്റര്‍ ബെര്‍ബറ്റോവും റോബീ കീനുമെല്ലാം കളിക്കുന്ന ഒരു ഫുട്ബോൾ ലീഗ് ഇന്ത്യയിൽ വളര്‍ന്ന് വരുമെന്ന് കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല. ഇന്നതെല്ലാം മാറി.
നിലവില്‍ ഒരു ടീമുമായും കരാറില്ലാതെ നില്ക്കുന്ന റോബീഞ്ഞോ ഐ എസ് എല്ലിലേക്കെത്തുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ബ്രസീലിയന്‍ ക്ലബ് അത്ലെറ്റികോ മിനെയ്റോ വിട്ട മുന്‍ റയല്‍ താരവുമായി ഇന്ത്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ക്ലബുകള്‍ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഐ എസ് എല്ലിലെ ചില ടീമുകള്‍ക്ക് താരത്തെ ഇന്ത്യയിലെത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്കോട്ടിഷ് ക്ലബ് ഗ്ലാസ്ഗോ റേഞ്ചേഴ്സും താരത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് വിനയാകുന്നത്. ബ്രസീലിലെ സാന്റോസില്‍ കളി തുടങ്ങിയ റോബീഞ്ഞോ, റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എ സി മിലാന് തുടങ്ങിയ വമ്പന്മാര്ക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
റയല്‍ മഡ്രിഡിനായും എ സി മിലാന് വേണ്ടിയും നൂറിലേറെ മത്സരങ്ങളാണ് റോബീഞ്ഞോ കളത്തിലിറങ്ങിയത്. 100 മത്സരങ്ങള്‍ ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളിച്ച റോബീഞ്ഞോ 28 അന്താരാഷ്ട്ര ഗോളുകളും നേടി. എന്തായാലും താരത്തെ ഇന്ത്യയിലെത്തിക്കാന്‍ ഐ എസ് എല്‍ ക്ലബുകള്‍ നടത്തുന്ന ശ്രമം വിജയിക്കുകയാണെങ്കില്‍, ഒരു കാലത്ത് ബ്രസീലിയന്‍ ഫുട്ബോളിനെ അടക്കി വാണിരുന്ന റോബീഞ്ഞോ ഐ എസ് എല്ലില്‍ പന്തു തട്ടുന്നത് നമുക്ക് ഏറെ വൈകാതെ കാണാം.