SHARE

അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യുറോപ്പ്യന്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടാന്‍ ഒരുങ്ങുകയാണ് പനാമ. ഇന്ന് രാത്രി 8.30നാണ് അവരുടെ കന്നി ലോകകപ്പ് മത്സരം. മത്സരത്തിനൊരുങ്ങുന്ന പനാമ നിരയില്‍ യുവ മുന്നേറ്റതാരം ഇസ്മയില്‍ ഡയാസിനെ കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിലെ അപൂര്‍വ്വനേട്ടമാണ്.

അണ്ടര്‍ 17, 20 ലോകകപ്പുകള്‍ കളിച്ച് റഷ്യയിലേക്ക് സീനിയര്‍ ടൂര്‍ണ്ണമെന്റ് കളിക്കാനെത്തുന്ന ഏകതാരമാണ് ഇസ്മായില്‍ ഡയസ്. യു എ ഇയില്‍ നടന്ന 2013ലെ അണ്ടര്‍ 17 ലോകകപ്പിലും ന്യൂസിലന്‍ഡില്‍ നടന്ന 2015ലെ അണ്ടർ 20 ലോകകപ്പിലും ഡയസ് കളിച്ചിരുന്നു. 2014ല്‍ ക്യൂബയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഡയസ് തന്റെ സീനിയര്‍ അരങ്ങേറ്റം കുറിച്ചത്.

ഡയസ് ഇതുവരെ കളിച്ച രണ്ടു ഏജ് ഗ്രൂപ്പ് ലോകകപ്പ് ടൂര്‍ണ്ണമെന്റുകളിലും പനാമ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അതേസമയം, 2015ലെ അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പനാമ കരുത്ത് കാട്ടി. 2-2ന് സമനിലയില്‍ അവസാനിച്ച മത്സരത്തിലെ ആദ്യ ഇലവനില്‍ തന്നെ ഡയസും കളിക്കാനിറങ്ങിയിരുന്നു.

21കാരനായ ഇസ്മയില്‍ ഡയസ് നിലവില്‍ സ്പാനിഷ് ക്ലബ് ഡിപ്പോര്‍ട്ടീവോ ലാ കൊറൂണയിലാണ് കളിക്കുന്നത്. 15ാമത്തെ വയസ്സില്‍ പനാമ ക്ലബ് ടോറോയില്‍ കളിച്ച താരം 2014ല്‍ ഡച്ച് ക്ലബ് പി എസ് വി ഐന്തോവനില്‍ ട്രയല്‍സിനും 2015ൽ പോർച്ചുഗീസ് ക്ലബ് എഫ് സി പോര്‍ട്ടോയുടെ ബി ടീമില്‍ ലോണിലുമെത്തിയിരുന്നു.