ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റന്‍സിയുടെ ഏറെ പ്രശംസിക്കപ്പെടുന്ന താരമാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യ. ക്യാപ്റ്റന്‍സിയില്‍ യാതൊരു മുന്പരിചയവമില്ലാതെ ഇത്തവണ ജിടിയെ നയിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവുമാദ്യം യോഗ്യത നേടിയ ടീം കൂടിയാണ് ഹാര്‍ദിക്കിന്റെ ടൈറ്റന്‍സ്. പക്ഷെ അദ്ദേഹത്തിന്റെ ബൗളിങ് ഫിറ്റ്നസ് വീണ്ടുമൊരു ചോദ്യമായി മാറിയിരിക്കുകയാണ്.
സീസണിന്റെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ ഹാര്‍ദിക് സ്ഥിരമായി ബൗള്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ബൗളിങില്‍ നിന്നും മാറിനില്‍ക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ഹാര്‍ദിക്കിനെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമലെടുക്കാനാവില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍.
ഐപിഎല്ലിന്റെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്തതിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയെ ടി20 ലോകകപ്പില്‍ കളിപ്പിക്കാനാവില്ലെന്നു പാര്‍ഥീവ് പട്ടേല്‍ പറയുന്നു. രഞ്ജി ട്രോഫിയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ച് ഫിറ്റ്നസ് തെളിയിക്കാനും അദ്ദേഹത്തോടെ പാര്‍ഥീവ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഫുള്‍ ഫിറ്റ്നസുള്ള ഒരാളെയാണ് ടി20 ലോകകപ്പില്‍ നിങ്ങള്‍ ടീമിലെടുക്കേണ്ടത്. രണ്ടു കളിയില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്ത ഒരാളെ ടീമിലുള്‍പ്പെടുത്താനാവില്ല. നിങ്ങള്‍ ലോകകപ്പിനെത്തിയ ശേഷം അവിടെ വച്ച് ഹാര്‍ദിക്കിനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? അതു ഇന്ത്യയുടെ നഷ്ടമായിരിക്കും. നിങ്ങള്‍ കുറച്ച് ചതുര്‍ദിന മല്‍സരങ്ങളില്‍ കളിക്കണം, അതിനു ശേഷം മാത്രമേ ഫിറ്റ്നസ് വിലയിരുത്താന്‍ സാധിക്കൂയെന്നും പാര്‍ഥീവ് ചൂണ്ടിക്കാട്ടി