SHARE

കഴിഞ്ഞ ദിവസമാണ് താൻ ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പമുള്ള ‌സഹകരണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗ് രംഗത്ത് വന്നത്. സേവാഗ് സ്വയം ടീമിൽ നിന്ന് പിന്മാറുന്നതാണെന്ന് ആരാധകർ കരുതിയെങ്കിലും അദ്ദേഹത്തെ കിംഗ്സ് ഇലവൻ ഒഴിവാക്കിയതാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

തന്നെ മെന്റർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കിംഗ്സ് ഇലവൻ പഞ്ചാബ് മാനേജ്‌മെന്റിന്റേതാണെന്ന് വെളിപ്പെടുത്തി ഇപ്പോൾ സേവാഗ് തന്നെ രംഗത്തെത്തിയതോടെയാണിത്. ടീമുമായുള്ള‌ സഹകരണം അവസാനിപ്പിക്കേണ്ടി‌വന്നതിൽ തനിക്കൊരു പങ്കുമില്ലെന്നും, തീരുമാനങ്ങളെല്ലാമെടുത്തത് പഞ്ചാബ് മാനേജ്മെന്റാണെന്നും സേവാഗ് വെളിപ്പെടുത്തുന്നു. തങ്ങൾക്ക് ബ്രാൻഡ് അംബാസഡറുടേയോ മെന്ററുടേയോ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കിംഗ്സ് ഇലവൻ പഞ്ചാബ് ഫ്രഞ്ചൈസി തനിക്ക് മെയിൽ അയച്ചിരുന്നതായും, അല്ലാതെ ടീം വിടാനുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമല്ലായിരുന്നെന്നും സേവാഗ് പറഞ്ഞു. പഞ്ചാബ് ടീമുമായുള്ള സഹകരണം തനിക്കിഷ്ടമായിരുന്നെന്നും എന്നാൽ പുതിയൊരു ബ്രാൻഡ് അംബാസഡറേയോ മെന്ററേയോ കൊണ്ട് വരാൻ അവർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യാനുള്ള അധികാരം അവർക്കുണ്ടെന്നും സേവാഗ് കൂട്ടിച്ചേർത്തു.

അതേ സമയം സേവാഗിനെ പഞ്ചാബ് മനപൂർവ്വം ഒഴിവാക്കിയതാണെന്ന സൂചനകൾ പുറത്ത് വന്നതോടെ പഞ്ചാബ് ഫ്രാഞ്ചൈസിക്കെതിരെ വലിയ രീതിയിലുള്ള‌‌ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ക്രിക്കറ്റിൽ പുതിയ വിവാദം സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്നും പറയപ്പെടുന്നുണ്ട്.