SHARE

ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ വിവിധ സൂപ്പർ ക്ലബുകളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരാണ് സെർബിയൻ താരം ഡുസാൻ ലാഹോവിച്ചിന്റേത്. ഇറ്റാലിയൻ സൂപ്പർ ക്ലബ് ഫിയോറെന്റിനയിൽ കളിക്കുന്ന ഈ സ്ട്രൈക്കറെ റാഞ്ചാൻ പല ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാലൊടുവിൽ താരം ഫിയോറെന്റിനയിൽ തുടരുകയായിരുന്നു.

21 വയസ് മാത്രം പ്രായുള്ള ലാഹോവിച്ച് കഴിഞ്ഞ സെരി എ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 21 ​ഗോൾ നേടിയാണ് ശ്രദ്ധേയനായത്. ഈ തകർപ്പൻ പ്രകടനത്തോടെയാണ് ലഹോവിച്ചിനെ തേടി ക്ലബുകൾ രം​ഗത്തെത്തിയത്. നിലവിൽ 2023 വരെയാണ് ലഹോവിച്ചിന് ഫിയോറെന്റിനയുമായി കരാറുള്ളത്. ഇത് താരം പുതുക്കുന്നില്ല എന്ന് ക്ലബ് തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതോടെ അടുത്ത സീസണിൽ ലഹോവിച്ചിനെ വിറ്റ് പണം കണ്ടെത്താനാണ് ഫിയോറെന്റിനയുടെ നീക്കം.

ഇറ്റാലിയൻ പത്രമായ ലാ ​ഗെസെറ്റെ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം 90 ദശലക്ഷം യൂറോയാണ് ഫിയോറെന്റിന ലഹോവിച്ചിനായി ആവശ്യപ്പെടുന്നത്. കഴി‍ഞ്ഞ തവണ ലഹോവിച്ചിനെ റാഞ്ചാൻ മുന്നിലുണ്ടായിരുന്നത് അത്ലെറ്റിക്കോ മഡ്രിഡാണ്. എന്നാൽ ഇക്കുറി അന്റോയിൻ ​ഗ്രീസ്മെൻ ടീമിൽ മടങ്ങിയെത്തിയതോടെ അത്ലെറ്റിക്കോ പിൻവാങ്ങിയെന്നാണ് സൂചന.

അതേസമയം തന്നെ ഇറ്റാലിയൻ സൂപ്പർ ക്ലബായ യുവന്റസ്, ഇം​ഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നിവർ ലഹോവിച്ചിനായി ശ്രമം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ടൂട്ടോസ്പോർട്ടിന്റെ റിപ്പോർട്ടനുസരിച്ച് ഇം​ഗ്ലീഷ് ക്ലബ് ലിവർപൂൾ ഈ ജനുവരിയിൽ തന്നെ ലഹോവിച്ചിനെ ഒപ്പം കൂട്ടാൻ പദ്ധതിയിടുന്നുണ്ട്.