SHARE

ലോകകപ്പിന് യോ​ഗ്യത നേടാനാകാതെ പോയ രണ്ട് സൂപ്പർ ടീമുകളായ ഇറ്റലിയും നെതർലൻഡ്സും തമ്മിലുള്ള സൗഹൃദമത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. ഇറ്റലിയിലെ ടൂറിനിലുള്ള യുവന്റസിന്റെ സ്ററേഡിയത്തിലായിരുന്നു മത്സരം നടന്നത്.

പുതിയ പരിശീലകൻ റോബർട്ടോ മാൻസിനിക്ക് കീഴിൽ ഇറ്റലിക്കിത് മൂന്നാം മത്സരമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും താരമായിരുന്ന മരിയോ ബലോട്ടെല്ലിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ഓറഞ്ച് പടയക്കെതിരെ അസൂറികൾ പോരിനിറങ്ങിയത്. തുടക്കം മുതൽ തന്നെ ഇറ്റലി പലവട്ടം ​ഗോളിനടുത്തെത്തി. ലോറെൻസോ ഇൻസെയിൻ, ആന്ദ്രേ ബലോട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

​ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ​ഗോളുകൾ പിറന്നത്. 63-ാം മിനിറ്റിൽ ബലോട്ടിക്ക് പകരക്കാരനായി ഇറങ്ങിയ സിമോൺ സാസ, നാല് മിനിറ്റിനുള്ളിൽ ഇറ്റലിക്ക് ലീഡ് നൽകി. തൊട്ടടുത്ത മിനിറ്റിൽ തന്നെ പ്രതിരോധതാരം ഡൊമിനിക്കോ ക്രിസ്കീറ്റോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ഇറ്റലിക്ക് തിരിച്ചടിയായി.

തുടർന്ന് സമനിലപിടിക്കാനായി ആഞ്ഞുപരിശ്രമിക്കുകയായിരുന്നു ഡച്ചുപട. 88-ാം മിനിറ്റിൽ അതിന് ഫലം കണ്ടു. സ്റ്റീവൻ ബെർ​ഗ്വിസിന്റെ ക്രോസിന് തലവെച്ച് നഥാൻ അക്കെ നെതർലൻഡ്സിന് സമനില സമ്മാനിച്ചു. 1928-ന് ശേഷം ആദ്യമായാണ് നെതർലൻഡ് ഇറ്റാലിയൻ മണ്ണിൽ ​ഗോൾ നേടുന്നത്. മത്സരം സമനിലയിലായെങ്കിലും, ഇറ്റലിക്കെതിരെ നടന്ന അവസാന പതിനഞ്ച് സൗഹൃദ മത്സരങ്ങളിലും നെതർലൻഡ്സിന് ജയിക്കാനായിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാനായില്ല.