SHARE

പെനാല്‍ട്ടിയിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങിയ അണ്ടര്‍ 17 യൂറോ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഡച്ച് പടയും ഫൈനലിലേക്ക്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. സഡൻ ഡെത്തിലാണ് നെതർലൻഡ് വിജയിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഷൂട്ടൗട്ടിലും നടന്നത്. അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ച് ഇരു ടീമുകളും സമനില കൈവിട്ടില്ല. ഒടുവില്‍ സഡന്‍ ഡെത്തില്‍ ഇംഗ്ലണ്ട് താരം ഫൊളാരിന്‍ ബലോഗണിന്റെ കിക്ക് ഗോള്‍ കീപ്പര്‍ ജോയ് കൂരെവാര്‍ തടുത്തിട്ടതോടെ നെതര്‍ലന്‍ഡ് ഫൈനലിലേക്ക്. ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇറ്റലിയാണ് കലാശപ്പോരിൽ നെതര്‍ലന്‍ഡിന്റെ എതിരാളികള്‍.

മെയ് 20ന് ഇംഗ്ലണ്ടിലെ റോത്തര്‍ഹാം യുണൈറ്റഡ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പുകളായിരുന്നു ഇംഗ്ലണ്ട്.