SHARE

തുടർച്ചയായി ഒമ്പതാം അന്താരാഷ്ട്ര മത്സരത്തിലും വിജയം നേടി ഇറ്റലി. ഇന്നലെ ലെച്ചൻസ്റ്റൈനെതിരായ യൂറോ കപ്പ് യോ​ഗ്യതാ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ​ഗോളിനാണ് ഇറ്റലി ജയിച്ചത്. ഇതോടെ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം തുടർജയം എന്ന റെക്കോർഡിനും ഒപ്പമെത്തി.

ലിച്ചൻസ്റ്റൈനിൽ നടന്ന മത്സരത്തിൽ ആന്ദ്രെ ബലോറ്റിയുടെ ഇരട്ട​ഗോളാണ് ഇറ്റലിക്ക് വൻജയം സമ്മാനിച്ചത്. ബലോറ്റിക്ക് പുറമെ ഫെഡറിക്കോ ബർണാഡെഷെ, അലെസിയോ റോമന്യോളി, സ്റ്റെഫാൻ എൽ ഷെറാവി എന്നിവരും ഇറ്റലിക്കായി ​ഗോളുകൾ നേടി. സൗഹൃദമത്സരങ്ങളിലും മത്സരപ്പോരാട്ടങ്ങളിലുമായി ഇറ്റലിയുടെ തുടർച്ചയായ ഒമ്പതാം ജയമാണിത്.

കഴിഞ്ഞ വർഷം നവംബറിൽ അമേരിക്കയ്ക്കെതിരായ സൗഹൃദമത്സരത്തിൽ തുടങ്ങിയ വിജയക്കുതിപ്പാണിത്. തുടർന്ന് നടന്ന എട്ട് മത്സരങ്ങളും യൂറോ യോ​ഗ്യതാ റൗണ്ടിലേതായിരുന്നു. ഇതിൽ എല്ലാം ആധികാരികജയമാണ് ഇറ്റലി നേടിയത്.

ഈ തുടർ‍ജയങ്ങളോടെ 1938-39-ൽ നേടിയ ദേശീയ റെക്കോർഡിനൊപ്പമെത്തി റോബർട്ടോ മാൻസിനിയുടെ സംഘം. ഇറ്റലിയെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലേക്ക് നയിച്ച വിറ്റോറിയോ പസ്സോയുടെ കീഴിലാണ് അന്ന് ഒമ്പത് തുടർജയങ്ങൾ നേടിയത്.