SHARE

യൂറോ കപ്പ് ക്വാർട്ടറിൽ ബെൽജിയത്തെ തകർത്തതോടെ തോൽവിയറിയാത്ത 32 മത്സരങ്ങളാണ് ഇറ്റലി പൂർത്തിയാക്കിയത്. ഇറ്റലി ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോർഡാണിത്. എന്നാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ചതിനുള്ള എക്കാലത്തേയും മികച്ച റെക്കോർഡും ഇറ്റലിക്ക് കൈയ്യകലത്തിലാണ്.

2018 സെപ്റ്റംബറിലാണ് അവസാനമായി ഇറ്റലി ഒരു മത്സരം തോൽക്കുന്നത്. യുവേഫ നേഷൻസ് ലീ​ഗിൽ പോർച്ചു​ഗലിനോടായിരുന്നു അന്ന് അസൂറിപ്പടയുടെ തോൽവി. അതിനുശേഷം ഇതുവരെ ഒരു മത്സരം പോലും അവർ തോറ്റിട്ടില്ല. നാല് മത്സരങ്ങളിൽ കൂടി തോൽവിയറിയാതെ കുതിച്ചുകഴിഞ്ഞാൽ ഇക്കാര്യത്തിൽ ലോകറെക്കോർഡും ഇറ്റലിയുടെ പേരിലാകും.

തുടർച്ചയായ 35 മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ച ബ്രസീലും സ്പെയിനുംമാണ് ഇക്കാര്യത്തിൽ നിലവിൽ ഒന്നാമത്. 1993-96 കാലത്തായിരുന്നു കാനറികളുടെ തോൽവിയാക്കുതിപ്പ്. സ്പെയിനാകട്ടെ 2007-09 കാലത്താണ് തുടർച്ചയായ 35 മത്സരങ്ങൾ തോൽവി നേരിടാതിരുന്നത്. അതേസമയം 2018 മുതൽ തന്നെ ഇതുവരെ തോൽവിയറിയാതെ 27 മത്സരങ്ങൾ പൂർത്തിയാക്കിയ അൾജീരയും ഇക്കാര്യത്തിൽ ഇറ്റലിക്ക് വെല്ലുവിളിയുയർത്തിയേക്കും.