SHARE

രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ മത്സരം ഡെൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചിടത്തോളം അത്രയെളുപ്പമായിരിക്കില്ലെന്ന് ടീമിന്റെ ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസറായ ആൻറിച്ച് നോർക്കിയ. മത്സരം നടക്കാനിരിക്കുന്ന അബുദാബിയിലെ സാഹചര്യങ്ങളുമായി തങ്ങൾ പൊരുത്തപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നോർക്കിയ, ചൂട് മത്സരത്തിലെ ഒരു പ്രധാന ഘടകമായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഇന്നലെ‌ വിർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ അബുദാബിയിലെ സാഹചര്യങ്ങൾ വേഗത്തിൽ വിലയിരുത്തുകയും, എന്താണ് ചെയ്യേണ്ടതെന്ന കാര്യം നോക്കേണ്ടതുമുണ്ട്. ഇത് (രാജസ്ഥാനെതിരായ മത്സരം) ഒട്ടും എളുപ്പമായിരിക്കില്ല. ചൂടും ഒരു പ്രധാന ഘടകമായിരിക്കും. ഈ മത്സരം ഞങ്ങൾക്ക് വളരെ മികച്ച ഒരു വെല്ലുവിളിയായിരിക്കും. ഞാൻ അതിനായി ഉറ്റുനോക്കുകയാണ്.” നോർക്കിയ പറഞ്ഞു നിർത്തി.

അതേ സമയം നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഡെൽഹിയും, അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാനും തമ്മിലുള്ള പോരാട്ടം ഇന്ന് വൈകിട്ട് 3.30 നാണ് ആരംഭിക്കുന്നത്. ഇന്ന് ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കെത്താൻ കഴിയുമെന്നതിനാൽ ഡെൽഹിയും, മൂന്നാം സ്ഥാനത്തേക്ക് കയറാനാകുമെന്നതിനാൽ രാജസ്ഥാനും കൈമെയ് മറന്നു പോരാടുമെന്നാണ് കരുതപ്പെടുന്നത്.