SHARE

ഈസ്റ്റ് ബം​ഗാളിനെതിരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ ഞെട്ടലിലാണ് ആരാധകർ. തികച്ചും അപ്രതീക്ഷിതമായാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിലെ തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യകൾക്ക് മേൽ ആശങ്ക പടർന്നുതുടങ്ങിയിട്ടുണ്ട്.

യുക്രൈൻ സൂപ്പർതാരം ഇവാൻ കാലിയൂഷ്നി മത്സരത്തിൽ പകരക്കാരുടെ നിരയിലായിരുന്നു ഉണ്ടായിരുന്നത്. പകരക്കാരനായി കാലിയൂഷ്നി ഇറങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് തോൽവി മുന്നിൽ കണ്ട ഘട്ടത്തിൽ പോലും കാലിയൂഷ്നി കളത്തിലിറങ്ങിയില്ല. പനി ബാധിച്ചിരുന്നതിനാലാണ് കാലിയൂഷ്നി കളിക്കാതിരുന്നതെന്നാണ് മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.

രണ്ടാഴ്ചയോളമായി ഓരോ ദിവസവും സ്ക്വാഡിലെ രണ്ടോ മൂന്നോ പേർക്ക് വീതം കടുത്ത പനി ബാധിക്കുന്നുണ്ട്, കഴിഞ്ഞ ദിവസം കാലിയൂഷ്നിക്കും എനിക്കും കടുത്ത പനിയുണ്ടായിരുന്നു, ഇന്നലേയും കാലിയൂഷ്നിയുടെ പനിക്ക് കുറവില്ലായിരുന്നു, ഈ സാഹചര്യത്തിൽ കളിക്കാൻ സാധിക്കാതിരുന്നതിനാലാണ് പകരക്കാരുടെ ബെഞ്ചിൽ ഉൾക്കൊള്ളിച്ചത്, പനി കാരണമാണ് ​ഗോൾകീപ്പർ പ്രഭ്സുഖാൻ ​ഗില്ലും സ്ക്വാഡിനൊപ്പമില്ലാത്തത്, ഇവാൻ വിശദീകരിച്ചു.