SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സും ബെം​ഗളുരു എഫ്സിയും തമ്മിലുള്ളത്. ഇക്കുറി ഐഎസ്എല്ലിന് മുമ്പ് തന്നെ ഇരുക്ലബുകളും ഏറ്റുമുട്ടുകയാണ്. നാളെ നടക്കുന്ന ഡ്യൂറാൻഡ് കപ്പ് ​ഗ്രൂപ്പ് മത്സരത്തിലാണ് ദക്ഷിണേന്ത്യൻ ക്ലബുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ.

ഏറ്റവും മികച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിനിറങ്ങുന്നത്. ബെം​ഗളുരു ആകട്ടെ റിസർവ്-യുവതാരങ്ങൾ അടങ്ങിയ ടീമിനെയാണ് ടൂർണമെന്റിനെത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പതിവുള്ള ഒരു ആവേശം ഈ പോരാട്ടത്തിന് ഉണ്ടാകില്ല. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇക്കാര്യം വ്യക്തമാക്കി. ഡ്യൂറാൻഡ് കപ്പ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിന്റെ ഭാ​ഗമായി തന്നെയാണ് കാണുന്നതെന്നാണ് ഇവാൻ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്.

നാളത്തെ മത്സരം സാധാരണ ഡെർബി പോരാട്ടങ്ങൾ പോലെയായിരിക്കില്ല, ബ്ലാസ്റ്റേഴ്സ് ഇപ്പോഴും പ്രീ സീസൺ ഘട്ടത്തിലാണ്, അതുകൊണ്ട് തന്നെ കളിക്കാർക്ക് പരുക്കേൽക്കാതിരിക്കുക, യുവതാരങ്ങൾക്ക് കൂടുതൽ കളസമയം നൽകുക എന്നിവയ്ക്കാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്, ഇവാൻ വിശദീകരിച്ചു.