SHARE

കഴിഞ്ഞ കുറച്ച് നാളുകളായി നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമാണ് ശ്രേയസ് അയ്യർ. സ്ഥിരതയാർന്ന പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിന്റെ നാലാം നമ്പർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞ അയ്യർ ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന്റെ നായകൻ കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന അയ്യർ, കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരാധകരുമായി സംവദിക്കാൻ സമയം ചിലവഴിച്ചിരുന്നു.

ആരാധകരുമായി സംവദിക്കുന്നതിനിടെ ഇന്ത്യൻടീമിലെ ഏറ്റവും രസികനായ താരം ആരെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ ടീമിലെ ഏറ്റവും രസികനായ താരം ആരെന്ന ആരാധകന്റെ ചോദ്യത്തിന് വലം കൈയ്യൻസ്പിന്നർ യുസ്വേന്ദ്ര ചഹലിന്റെ പേരാണ് അയ്യർ മറുപടി നൽകിയത്‌. അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എല്ലായ്പ്പോളും ഉല്ലാസവാനായി നടക്കുന്ന താരമാണ് ചഹൽ. സോഷ്യൽ മീഡിയയിലും രസകരമായി ഇടപെടുന്ന ചഹൽ, ആരാധകരെ ചിരിപ്പിക്കുന്ന ഉഗ്രൻ ട്രോളുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്.