SHARE

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമെന്ന് വിശേഷിക്കപ്പെടുന്ന താരമാണ് ശ്രേയസ് അയ്യർ. സമീപകാലത്തായി ഇന്ത്യൻ ജേഴ്സിയിൽ മികച്ച പ്രകടനം നടത്തുന്ന അയ്യർ, അടുത്ത കുറച്ച് നാളത്തേക്ക് ദേശീയ ടീമിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. കോവിഡ് 19 നെത്തുടർന്ന് രാജ്യം അടച്ച് പൂട്ടിയതിന്റെ പശ്ചാത്തലത്തിൽ നിലവിൽ വീട്ടിൽ വിശ്രമത്തിലിരിക്കുന്ന അയ്യർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു.

ആരാധകരുമായി ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയ്ക്കിടെ തന്റെ എക്കാലത്തെയും ഫേവറിറ്റ് ഇന്ത്യൻ ബോളർ ആരെന്ന് അയ്യർ വെളിപ്പെടുത്തി. എക്കാലത്തെയും ഫേവറിറ്റ് ഇന്ത്യൻ ബോളർ ആരെന്ന ആരാധകന്റെ ചോദ്യത്തിന് ഇടം കൈയ്യൻ ഇതിഹാസ ഫാസ്റ്റ് ബോളർ സഹീർ ഖാന്റെ പേരാണ് അയ്യർ മറുപടി നൽകിയത്‌.

അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇടം കൈയ്യൻ പേസ് ബൗളർ കൂടിയാണ് സഹീർ ഖാൻ‌. 2011 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച താരമായ സഹീർ, 92 ടെസ്റ്റുകളിലും, 200 ഏകദിനങ്ങളിലും, 17 ടി20 മത്സരങ്ങളിലും ദേശീയ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 14 വർഷത്തിലധികം നീണ്ട കരിയറിൽ 600 ലധികം അന്താരാഷ്ട്ര വിക്കറ്റുകൾ സഹീർ വീഴ്ത്തിയിട്ടുണ്ട്.