SHARE

2011 നും 2014 നുമിടയിൽ ഇംഗ്ല‌ണ്ട് ദേശീയ ടീമിനായി 58 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ വലം കൈയ്യൻ പേസർ ജേഡ് ഡേൺബാക്ക് ഇനി കളിക്കുക ഇറ്റാലിയൻ ദേശീയ ടീമിനായി. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള‌ യൂറോപ്യൻ മേഖലാ ക്വാളിഫയർ മത്സരങ്ങൾക്കുള്ള ഇറ്റലി ടീമിൽ താരം ഇടം പിടിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ഉയർന്ന തലത്തിൽ ഏറെ പരിചയസമ്പത്തുള്ള ഈ മുപ്പത്തിയഞ്ചുകാരന്റെ സാന്നിധ്യം ഇറ്റാലിയൻ ടീമിന് വലിയ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്.

സമീപവർഷങ്ങളിൽ കൗണ്ടി ക്രിക്കറ്റിലും അവസരം കുറഞ്ഞ ഡേൺബാക്ക് ഈ സീസണിന്റെ അവസാനത്തിൽ സറേ ടീം വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കരിയറിലെ ഇനിയുള്ള സമയം ഇറ്റലിയിൽ കളിക്കാനാണ് ഡേൺബാക്കിന്റെ തീരുമാനം.

2011 ജൂൺ 25 ന് ശ്രീലങ്കക്കെതിരെ ബ്രിസ്റ്റോളിൽ വെച്ചു നടന്ന ടി20 മത്സരത്തിൽ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഡേൺബാക്ക്, 24 ഏകദിന മത്സരങ്ങളും, 34 ടി20 മത്സരങ്ങളുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതു വരെ കളിച്ചിട്ടുള്ളത്. ഏകദിനത്തിൽ 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരംടി20 ക്രിക്കറ്റിൽ 39 വിക്കറ്റുകളാണ് പിഴുതത്.