SHARE

പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ വിജയ് ഹസാരേ ട്രോഫി സെമിഫൈനലിനുള്ള സൗരാഷ്ട്ര ടീമില്‍ തിരിച്ചെത്തി. ഫോമിലുള്ള ജഡേജയുടെ തിരിച്ചുവരവ് ആന്ധ്രക്കെതിരെ നടക്കുന്ന സെമിഫൈനലില്‍ സൗരാഷ്ട്രയ്ക്ക് ഗുണം ചെയ്യും. നാളെ രാവിലെ 9 മണി മുതല്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

നിലവില്‍ ലിമിറ്റഡ് ഓവര്‍ മത്സരത്തിനുള്ളിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ് ജഡേജ. എന്നാല്‍ വിജയ് ഹസാരേ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമാണ് ജഡേജ നടത്തുന്നത്. ഇതുവരെ നാലു മത്സരങ്ങളില്‍ നിന്ന് 156 റണ്‍സാണ് ജഡേജ നേടിയത്. ഇതില്‍ ജാര്‍ഖണ്ഡിനെതിരെ നേടിയ സെഞ്ചുറിയും (113*) ഉള്‍പ്പെടുന്നുണ്ട്. ബറോഡയ്‌ക്കെതിരെ സെമിഫൈനല്‍ വിജയത്തിന് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്ന നായകന്‍ ചേതേശ്വര്‍ പൂജാരയും ടീം ക്യാമ്പിലെത്തിയിട്ടുണ്ട്. തനിക്ക് ജനിച്ച കുഞ്ഞിനെ കാണാനാണ് പൂജാര വീട്ടിലേക്ക് പോയിരുന്നത്.

നേരത്തെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ കര്‍ണാടക മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 160 റണ്‍സിന് പുറത്തായപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ കരുണ്‍ നായരുടെയും മായങ്ക് അഗര്‍വാളിന്റെയും പ്രകടനമികവില്‍ കര്‍ണാടക അനായാസം വിജയലക്ഷ്യത്തിലെത്തി. സൗരാഷ്ട്രയും ആന്ധ്രയും തമ്മിലുള്ള സെമിഫൈനല്‍ പോരാട്ടത്തിലെ വിജയികള്‍ 27ന് നടക്കുന്ന ഫൈനലില്‍ കര്‍ണാടകയെ നേരിടും.