SHARE

ലോക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ, ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണെന്ന് മുൻ ഓസീസ് നായകൻ മൈക്കൽക്ലാർക്ക്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന‌ ലോകകപ്പ് സന്നാഹ മത്സരത്തിൽ കമന്ററി പറയുന്നതിനിടെയായിരുന്നു ക്ലാർക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“ലോകക്രിക്കറ്റിൽ നിലവിൽ ജഡേജയേക്കാൾ മികച്ച ഫീൽഡർമാരുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. റൺസ് സേവ് ചെയ്യുന്ന കാര്യത്തിലാണെങ്കിലും ബുദ്ധിമുട്ടേറിയ ക്യാച്ചുകൾ എടുക്കുന്ന കാര്യത്തിലാണെങ്കിലും, ഡയറക്ട് ഹിറ്റുകൾ സ്റ്റമ്പിൽ കൊള്ളിക്കുന്ന കാര്യത്തിലാണെങ്കിലും ജഡേജ സൂപ്പറാണ്.” ക്ലാർക്ക് പറഞ്ഞു.

അതേ സമയം ന്യൂസിലൻഡിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജഡേജ ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നത്. കിവീസിനെതിരെ ഇന്ത്യ പരാജയം നേരിട്ട മത്സരത്തിൽ 54 റൺസെടുത്ത് ടീമിന്റെ ടോപ്‌സ്കോററായിരുന്നു ജഡേജ. ജൂൺ അഞ്ചിന്‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം.