SHARE

ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബ് തങ്ങളുടെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യൻ ഇതിഹാസ താരം വസീം ജാഫറിനെ നിയമിച്ചു. കൊൽക്കത്തയിൽ ഇന്ന് നടക്കുന്ന ഐപിഎൽ ലേലത്തിന് മുൻപാണ് ഈ വാർത്ത കിംഗ്സ് ഇലവൻ പഞ്ചാബ് ഫ്രാഞ്ചൈസി പുറത്ത് വിട്ടത്. ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായ ജാഫർ നിലവിൽ വിദർഭയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ച് കൊണ്ടിരിക്കുകയാണ്.

ഇപ്പോളും അഭ്യന്തര ക്രിക്കറ്റിൽ സജീവമായ ജാഫർ അടുത്ത വർഷം മാർച്ച് വരെ രഞ്ജി ട്രോഫിയുടെ തിരക്കിലായിരിക്കും. ഇതിന് ശേഷമാകും അദ്ദേഹം ഐപിഎൽ ടീമിനൊപ്പം ചേരുക. നിലവിൽ ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റ്സ്മാന്മാരിലൊരാളായ ജാഫർ ഇപ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അക്കാദമിയുടെ ബാറ്റിംഗ് പരിശീലകൻ കൂടിയാണ്.

ഇന്ത്യയ്ക്ക് വേണ്ടി 31 ടെസ്റ്റുകളും, 2 ഏകദിനങ്ങളും കളിച്ചിട്ടുള്ള ജാഫർ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 സെഞ്ചുറികൾ അടക്കം രണ്ടായിരത്തിനടുത്ത് റൺസ് നേടിയിട്ടുണ്ട്. 2008 ൽ നടന്ന പ്രഥമ സീസൺ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരം കൂടിയായിരുന്നു ജാഫർ‌.