SHARE

ഇതര സംസ്ഥാനക്കാരെ കൈനീട്ടി സ്വീകരിക്കുന്നത് കേരളത്തിന്റെ രീതിയാണ്. രണ്ടുവര്‍ഷം മുമ്പ് മലയാളനാടിനെ സ്വന്തം നാടായി തെരഞ്ഞെടുത്ത ഒരു കളിക്കാരന്‍ ഇന്ന് കേരള ക്രിക്കറ്റിലെ ഹീറോയാണ്. മറ്റാരുമല്ല, ജലജ് സക്‌സേനയെന്ന മധ്യപ്രദേശുകാരന്‍. കഴിഞ്ഞ രണ്ടു സീസണുകളില്‍ കേരളം നേടിയിട്ടുള്ള എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഈ ഓള്‍റൗണ്ടറുടെ വിയര്‍പ്പുമുണ്ട്.

കഴിഞ്ഞ രഞ്ജി സീസണില്‍ നിര്‍ത്തിയിടത്തു നിന്നാണ് ഈ മുപ്പത്തൊന്നുകാരന്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഇതുവരെ മൂന്നു കളിയില്‍ നിന്ന് നേടിയത് ഏഴുവിക്കറ്റും 108 റണ്‍സും. കേരളം ജയിച്ച രണ്ടു കളിയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ താരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനില്‍ സ്ഥാനം പിടിച്ചതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള അവസരമാണ് മുന്നില്‍ തെളിഞ്ഞു നില്ക്കുന്നത്. സക്‌സേനയുടെ രഞ്ജി അരങ്ങേറ്റം 2005 ല്‍ കേരളത്തിനെതിരേ തന്നെയാണ്.

ജലജ് സക്‌സേന

ആദ്യ സീസണുകളില്‍ ശ്രദ്ധിക്കപ്പെടാനായില്ല. എന്നാല്‍ 2012-13 സീസണില്‍ ബാറ്റുകൊണ്ട് തകര്‍ത്തു. നേടിയത് 769 റണ്‍സ്. അതോടെ ഇന്ത്യ എ ടീമില്‍ സ്ഥാനം നേടി. അടുത്ത സീസണില്‍ 545 റണ്‍സും 35 വിക്കറ്റുമായിരുന്നു നേട്ടം. താമസിയാതെ മധ്യമേഖല ടീമിലുമെത്തി. 1415 സീസണിലെ ദുലീപ് ട്രോഫി കിരീടം ജലജിന്റെ ടീമിനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിളിമാത്രം എത്തിയില്ല. അതോടെയാണ് രണ്ടു സീസണ്‍ മുമ്പ് കേരളത്തിലേക്ക് ഭാഗ്യം പരീക്ഷിക്കാന്‍ വണ്ടികയറിയത്. ഇപ്പോള്‍ കേരളത്തിന്റെ ഭാഗ്യതാരമാണ് ഈ സൂപ്പര്‍ ഓള്‍റൗണ്ടര്‍.