SHARE

സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിൽ നിന്നാണ് ഹാമിഷ് റോഡ്രി​ഗ്വസ് ഇക്കുറി ഇം​ഗ്ലീഷ് ക്ലബ് എവർട്ടനിലെത്തിയത്. റയലിൽ കളിക്കാനവസരം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന ഹാമിഷ് എവർട്ടനിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണിൽ എവർട്ടന്റെ കുതിപ്പിന് പിന്നിൽ ഹാമിഷിന്റെ പങ്ക് വളരെ വലുതാണ്.

എവർട്ടനിൽ ഹാമിഷ് ഇപ്പോൾ ഫാൻ ഫേവറിറ്റാണ്. എന്നാൽ ഇതിനിടയിലും ഈ കൊളംബിയൻ താരത്തിന് പ്രീമിയർ ലീ​ഗ് മടുത്തെന്ന് ചില അഭ്യൂഹങ്ങളുയരുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകളൊക്കെ തള്ളിക്കളയുകയാണ് ഹാമിഷ്.

എവർട്ടൻ വിടുന്ന കാര്യം എന്റെ ആലോചനയിൽ പോലുമില്ല, ഫുട്ബോളിൽ എന്തും സംഭവിക്കാം, കുറച്ച് വർഷം കഴിയുമ്പോൾ എന്തുണ്ടാകുമെന്ന് ആർക്കും പറയാനാകില്ല, എന്നാൽ ഇപ്പോൾ ഞാൻ ക്ലബ് വിടുന്നില്ല, അതെനിക്ക് പറയാനാകും, ഹാമിഷ് പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക് മടങ്ങുമോയെന്ന ചോദ്യവും ഹാമിഷ് നേരിട്ടു. എന്നാൽ ഇതിന് തന്നെയവിടെ ആർക്കും വേണ്ടന്നായിരുന്നു ഹാമിഷിന്റെ മറുപടി