SHARE

അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ അടുത്ത ഊഴം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റേതാകുമെന്ന് ഏവരും കരുതുന്നു. ഇംഗ്ലീഷ് ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. എന്നാല്‍ വിരമിക്കുമോ എന്ന ചോദ്യത്തിന് ആന്‍ഡേഴ്‌സന്റെ മറുപടി ഇങ്ങനെ- വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. അടുത്ത കളിയും അടുത്തപരമ്പരയും മാത്രമാണ് എന്റെ മുന്നില്‍. ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ഇംഗ്ലണ്ടിനായി തിളങ്ങാന്‍ എനിക്കു സാധിക്കും- ജിമ്മി എന്നു കൂട്ടുകാര്‍ വിളിക്കുന്ന താരം പറയുന്നു.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ 564 വിക്കറ്റ് തികച്ച ആന്‍ഡേഴ്‌സണ്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെ (563) പിന്നിലാക്കി. മുത്തയ്യ മുരളീധരന്‍(800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് ആന്‍ഡേഴ്‌സണു മുന്നിലുള്ളത്. മുന്നിലുള്ള മൂവരും സ്പിന്നര്‍മാരാണ്. ഒരു വര്‍ഷംകൂടി കളിതുടര്‍ന്നാല്‍ അനില്‍ കുംബ്ലെയെ പിന്നിലാക്കാന്‍ അനായാസം സാധിക്കുമെന്നാണ് മഗ്രാത്ത് പറയുന്നത്.

ഏതു വിക്കറ്റിലും സ്വിങ് കണ്ടെത്താനുള്ള കഴിവാണ് വിജയകരമായ നീണ്ട കരിയറിനുപിന്നില്‍. ആക്ഷനില്‍ വലിയ വ്യത്യാസം വരുത്താതെ ഇതു സാധിക്കുന്നത് അത്ഭുതമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പരിക്കുകളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു മുപ്പത്താറുകാരന്‍. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഏറ്റവും മോശം സമയത്ത് ടീമിലെത്തി വലിയ നേട്ടങ്ങളുടെ ഭാഗാമാകാന്‍ കഴിഞ്ഞ താരമാണ് ആന്‍ഡേഴ്‌സണ്‍.