SHARE

ലീഡ്സ്, ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളിലൊക്കെ ജെയിംസ് മിൽനർ എന്ന ഇംഗ്ലീഷ് മധ്യനിരതാരം കളിച്ചിട്ടുണ്ട്. 30 വയസുള്ളപ്പോഴാണ് മിൽനർ ലിവർപൂളിലെത്തുന്നത്. അതോടെയാണ് താരത്തിന്റെ തലവര തെളിഞ്ഞത്. ഇപ്പോൾ 32 -ാം വയസിൽ ചാമ്പ്യൻസ് ലീ​ഗിൽ സീസണിൽ ഏറ്റവുമധികം അസിസ്റ്റുകൾ ചെയ്യുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മിൽനർ.

ഇം​ഗ്ലീഷ് നിരയിൽ ഏറ്റവും ശ്രദ്ധേയനായ കളിക്കാരനായിരുന്നു മിൽനർ. എന്നാൽ ലിവർപൂളിലെത്തുന്നതിന് മുൻപ് കളിച്ച ക്ലബുകളിൽ ഒന്നും തനിക്ക് ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  ലിവർപൂളിൽ യുർ​ഗൻ ക്ലോപ്പിന്റെ കൈയ്യിലെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. മിൽനർ ഇന്ന് ലിവർപൂൾ നിരയിൽ ഏറ്റവും വിശ്വസ്തനും കഠിനാധ്വാനിയുമാണ്. റോമയ്ക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണ ഫുട്ബോളിന് അവസരം കിട്ടാതെ ലിവർപൂൾ വലഞ്ഞപ്പോൾ പന്ത് കൈവശം വെച്ച് കളിയുടെ താളം കണ്ടെത്തിയത് മിൽനറായിരുന്നു.

മത്സരത്തിൽ അഞ്ചാം ​ഗോളിന് ഫിർമിന്യോക്ക് തലവെയ്ക്കാൻ പന്തെത്തിച്ചത് മിൽനറുടെ കിറുകൃത്യമായ ഒരു കോൺണർ കിക്കായിരുന്നു. ഇതോടെ ഈ ചാമ്പ്യൻസ് ലീ​ഗിൽ ഒമ്പത് അസിസ്റ്റുകൾ മിൽനർ നൽകി, ഒരു സീസണിൽ ഏറ്റവുമധികം അസിസ്റ്റ് എന്ന റിക്കാർഡും മിൽനർ സ്വന്തമാക്കി.

പലപ്പോഴും പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിക്കാനും മിൽനറിനായി. ഏറ്റവുമൊടുവിൽ റോമയ്ക്ക് പെനാൽറ്റി നേടിക്കൊടുത്ത ഒരു പിഴവ് മാത്രമാണ് അന്നേ ദിവസം താരം വരുത്തിയത്. വിർജിൽ വാൻ ഡൈക്ക് എത്തിയെങ്കിലും ഇപ്പോഴും ലിവർപൂളിന്റെ പ്രതിരോധത്തിലെ പഴുതടഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിരോധത്തിൽ ശ്രദ്ധപതിപ്പിക്കുന്ന മിഡ്ഫീൽഡറായി മിൽനർ വരുന്നത് രണ്ടാം പാദത്തിൽ ടീമിന് ​ഗുണവും ചെയ്യും.