SHARE

2014 ലെ ആദ്യ എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ‌ബ്ലാസ്റ്റേഴ്സിന്റെ പ്ലേയർ കം മാനേജർ ആയിരുന്നു ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ജെയിംസ്. ഈ ‌സീസണിന്‌ശേഷം കളിക്കളത്തിൽ നിന്ന്‌ വിരമിച്ച ജെയിംസ്, പിന്നീട് 2017-18 സീസണിൽ പരിശീലകനായി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ 2018-19 സീസണിലെ ടീമിന്റെ മോശം പ്രകടനങ്ങൾ ജെയിംസിന്, ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്കുള്ള ‌വഴി തുറന്നു. ഇംഗ്ലണ്ടിന് വേണ്ടി 53 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ജെയിംസ് ഒരു കാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ കൂടിയായിരുന്നു.

കളികാരനായും, പരിശീലകനായും ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന ജെയിംസ് ഇപ്പോളിതാ 2014 ൽ ആദ്യമായി കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയതിനെക്കുറിച്ച് മനസ് തുറന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരിന്ത്യൻ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ജെയിംസ് ഇക്കാര്യത്തിൽ മനസ് തുറന്നത്. 2014 ൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയതിനെക്കുറിച്ച് ജെയിംസ് പറയുന്നത് ഇങ്ങനെ, ” ഇന്ത്യയിൽ കളിക്കാൻ ക്ഷണം ലഭിച്ചപ്പോൾ ആദ്യമൊന്നും എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. ഇന്ത്യ ആയിരുന്നത് കൊണ്ടല്ലായിരുന്നു, മറിച്ച് ഫുട്ബോൾ കളിക്കാൻ മാത്രമായിട്ട് അങ്ങോട്ടേക്ക് പോകാൻ എനിക്ക് താല്പര്യമില്ലാത്തതിനാലായിരുന്നു അത്.

ഞാൻ അന്ന് ടീമിന്റെ മാനേജർ ആരെന്ന് മാനേജ്മെന്റിനോട് ചോദിച്ചു. എന്നാൽ അങ്ങനൊരാൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. എങ്ങനെയെങ്കിൽ കളിച്ച് കൊണ്ട് ടീമിന്റെ മാനേജറാവാൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചു. കാരണം അക്കാലത്ത് ഞാൻ പ്രധാനമായും ശ്രദ്ധിച്ചിരുന്നത് മാനേജർ ആവാനായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ഇത്തരമൊരു അവസരം ( പ്ലേയർ കം മാനേജർ) ലഭ്യമായിരുന്നു. എനിക്ക് ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചോ, ഇവിടുത്തെ ഫുട്ബോളിനെക്കുറിച്ചോ അറിവുണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ അതൊരു വെല്ലുവിളി യായിരുന്നു. എന്നാൽ ആ മനോഹരമായ വെല്ലുവിളി ഞാൻ ആസ്വദിച്ചു. അങ്ങനെ കേരളത്തിലെത്തി. ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തി. ഇത് പോലൊരു ആരാധകക്കൂട്ടത്തെ ലഭിച്ചത് ടീമിന്റെ ഭാഗ്യമാണ്. ആദ്യ സീസണിൽ‌ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തി. എന്നാൽ നിർഭാഗ്യവശാൽ പരാജയപ്പെട്ടു. എന്നിരുന്നാലും ആദ്യ സീസണിൽത്തന്നെ ഫൈനലിൽ എത്താൻ കഴിഞ്ഞത്‌ മഹത്തായ അനുഭവമായി‌ കരുതുന്നു.” ജെയിംസ് പറഞ്ഞുനിർത്തി.