SHARE

കരിയറിൽ താൻ നേരിട്ടുള്ളതിൽ ഏറ്റവും മികച്ച സ്ട്രൈക്കർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറും, ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയർ കം മാനേജറുമായിരുന്ന ഡേവിഡ് ജെയിംസ്. കഴിഞ്ഞ ദിവസം ഒരിന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജെയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്കൊപ്പവും എതിരെയും കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടിച്ച സ്ട്രൈക്കർമാരായി ജെയിംസ് ചൂണ്ടിക്കാട്ടുന്നത് മുൻ ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ ഓവനേയും, റോബി ഫൗളറിനേയുമാണ്. മൈക്കൽ ഓവനാണ് തന്റെ ഫേവറിറ്റ് മുന്നേറ്റ നിര താരമെന്നും ഒപ്പം ഫൗളറിനേയും താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ജെയിംസ് കൂട്ടിച്ചേർത്തു. തനിക്കെതിരെ കളിച്ചിട്ടുള്ള മറ്റ് ചില മികച്ച സ്ട്രൈക്കർമാരെക്കുറിച്ചും അഭിമുഖത്തിനിടെ ജെയിംസ് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,” തിയറി ഹെന്റി‌ എപ്പോളും ശല്ല്യപ്പെടുത്തിക്കൊണ്ടിരുന്ന‌ സ്ട്രൈക്കറായിരുന്നു. ഒരിക്കൽ എനിക്കെതിരെ അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. ദ്രോഗ്ബയും മികച്ച താരമായിരുന്നു. എന്നെ ബുദ്ധിമുട്ടിച്ച മറ്റൊരു താരം വെയിൻ റൂണിയായിരുന്നു. അദ്ദേഹത്തിന്റെ കളി വായിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നു‌.” മുൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞുനിർത്തി.