SHARE

ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനലിൽ ലിവർപൂൾ റോമയേയും, ബയേൺ റയൽ മഡ്രിഡിനേയും നേരിടുമെന്ന് വ്യക്തമായി. നറുക്കെടുപ്പ് പൂർത്തിയായതോടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് സൂപ്പർ താരങ്ങളായ ഹാമിഷ് റോഡ്രി​ഗ്വസും മുഹമ്മദ് സാലയുമാണ് . സെമിയിൽ ഇരുതാരങ്ങളും നേരിടാനൊരുങ്ങുന്നത് തങ്ങളുടെ മുൻ ക്ലബുകളെയാണ്.

സീസണിൽ ലിവർപൂളിന്റെ പ്രകടനത്തിൽ പിന്നിൽ മുഹമ്മദ് സാല എന്ന ഈജിപ്ത് താരത്തിന്റ അപാര ഫോമാണ്. പ്രീമിയർ ലീ​ഗിലും ചാമ്പ്യൻസ് ലീ​ഗിലും ഒരുപോലെ ​ഗോളടിച്ചുകൂട്ടുന്ന സാല റോമയിൽ നിന്നാണ് സീസൺ തുടക്കത്തിൽ ലിവർപൂളിലെത്തിയത്. ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ റോമയെ നേരിടാൻ ലിവർപൂൾ തയ്യാറെടുക്കുമ്പോൾ മുൻ ക്ലബിനെതിരെ കളിക്കുന്നതിന്റെ ചെറിയ ദുഖം സാലയെ വേട്ടയാടുന്നുണ്ട്. റോമയിലെ ആരാധകർ ഇപ്പോഴും സാലയെ ഇഷ്ടപ്പെടുന്നുണ്ട്. നറുക്കെടുപ്പിൽ റോമ-ലിവർപൂൾ മത്സരം വരരുതെന്നാണ് ആ​ഗ്രഹമെന്ന് റോമ ആരാധകർ പറഞ്ഞതായി സാല വ്യക്തമാക്കി.

റയൽ മഡ്രിഡിനെതിരെ സെമി കളിക്കാനൊരുങ്ങുമ്പോൾ ബയേണിന്റെ വജ്രായുധമാണ് ഹാമിഷ് റോഡ്രി​ഗ്വസ്. സീസൺ തുടക്കത്തിൽ റയലിൽ നിന്ന് വായ്പയിലാണ് ഹാമിഷ് ബയേണിലെത്തുന്നത്. സീസണിൽ ബയേണിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കാണ് ഹാമിഷ് വഹിച്ചത്.

റയലിൽ പരിശീലകൻ സിനദിൻ സിദാന്റെ കീഴിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ബയേണിലെത്തിയപ്പോൾ ടീമിലെ പ്രധാന സാന്നിധ്യമായി ഹാമിഷ് മാറി. കഴിഞ്ഞ തവണ ക്വാർട്ടറിൽ ബയേണിനെ തോൽപ്പിച്ചായിരുന്നു റയൽ മുന്നേറിയത്. അതിന്റെ കണക്ക് തീർക്കാൻ ബയേണും സ്വന്തം കണക്ക് തീർക്കാൻ ഹാമിഷും കച്ചകെട്ടിയാണ് ഇക്കുറി ഇറങ്ങുക.