SHARE

കൊളംബിയൻ താരം ഹാമിഷ് റോഡ്രി​ഗ്വസിനെ ടീമിലെത്തിക്കാനുള്ള എവർട്ടൻ പരിശീലകൻ കാർലോ ആൻചലോട്ടിയുടെ തീരുമാനത്തിന് കൈയ്യടിച്ച് ആരാധകർ. ഹോസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടനത്തിനെതിരെ എവർട്ടനെ ജയത്തിലേക്ക് നയിച്ച പ്രകടനത്തിലൂടെയാണ് ഹാമിഷ് പ്രീമിയർ ലീ​ഗ് അരങ്ങേറ്റം ​ഗംഭീരമാക്കിയത്.

എവർട്ടനിലെത്തി ഒരാഴ്ച തികയും മുമ്പ് തന്നെ തന്റെ ആദ്യ മത്സരത്തിൽ ഫസ്റ്റ് ഇലവനിലിറങ്ങിയ ഹാമിഷ് ഇഞ്ച്വറി ടൈം വരെ കളിക്കളത്തിലുണ്ടായിരുന്നു. മത്സരത്തിൽ അഞ്ച് തവണയാണ് ഹാമിഷ് ​ഗോളവസരം സൃഷ്ടിച്ചത്. 2014-ൽ അലക്സിസ് സാഞ്ചസ് നേടിയശേഷം അരങ്ങേറ്റ പ്രീമിയർ ലീ​ഗ് മത്സരത്തിൽ അഞ്ച് ​ഗോളവസരം സൃഷ്ടിക്കുന്ന ആദ്യ താരമാണ് ഹാമിഷ്. മത്സരത്തിൽ 84 ശതമാനം പാസിങ്ങിലെ കൃത്യതയും ​ഹാമിഷ് കാഴ്ചവച്ചു.

22 ദശലക്ഷം യൂറോ എന്ന ട്രാൻസ്ഫർ തുകയ്ക്കാണ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ നിന്ന് ഹാമിഷ് എവർട്ടനിലെത്തിയത്. ആൻചലോട്ടിക്കൊപ്പം ഇത് മൂന്നാമത്തെ ക്ലബാണ് ഹാമിഷിന്. ഹാമിഷിനൊപ്പം തന്നെ എവർട്ടൻ ടീമിലെത്തിയ അലനും അബ്ദൊലായ് ഡോക്കോറെയും ടോട്ടനത്തിനെതിരെ ശ്രദ്ധേയ പ്രകടനം നടത്തി.