SHARE

സൂപ്പർതാരം ഹാമിഷ് റോഡ്രി​ഗ്വസ് ഇക്കുറി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് എവർട്ടന് വേണ്ടി കളിക്കില്ലന്ന് ഏതാണ്ടുറപ്പായി. ഖത്തർ ലീ​ഗിലെ സൂപ്പർ ക്ലബായ അൽ റയാനിലേക്ക് ഹാമിഷ് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. താരം ഖത്തറിലെത്തിയതായി വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊളംബിയയുടെ സൂപ്പർതാരമായ ഹാമിഷ് കഴിഞ്ഞ സീസണിലാണ് റയൽ മഡ്രിഡിൽ നിന്ന് എവർട്ടനിലെത്തിയത്. മുമ്പ് റയലിലും ബയേണിലും തന്റെ പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടിയുടെ താൽപര്യപ്രകാരമാണ് ഹാമിഷ് എവർട്ടനിലെത്തിയത്. സീസണിൽ ആഞ്ചലോട്ടിക്ക് കീഴിൽ ഹാമിഷ് മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ പലപ്പോഴും പരുക്കിനെത്തുടർന്ന് സ്ഥിരത പുലർത്തായി ഹാമിഷിനായില്ല.

ഇതിനിടെ ഇക്കുറി ആഞ്ചലോട്ടി റയലലിലേക്ക് മടങ്ങി. ഇതോടെ എവർട്ടനിൽ തുടരാൻ ഹാമിഷിനും താൽപര്യമില്ലാതെയായി. എവർട്ടൻ പരിശീലനായെത്തിയ റാഫേൽ ബെനിറ്റസിനും ഹാമിഷ് സ്ക്വാഡിൽ വേണമെന്ന് നിർ‍ബന്ധമുണ്ടായിരുന്നില്ലന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഹാമിഷിനെ എവർട്ടന്റെ സ്ക്വാഡിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനുശേഷമാണിപ്പോൾ ഹാമിഷ് അൽ റയാനിലേക്ക് കൂടുമാറുന്നതെന്ന വാർത്തകൾ.

ഹാമിഷ് അൽ റയാനുമായി ഒപ്പുവയക്കുന്ന കരാറിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും സൂചനകൾ പ്രകാരം എവർട്ടനിൽ നിന്നുള്ള ലോൺ കരാറാണിത്. ചില ഇറ്റാലിയൻ, തുർക്കിഷ് ടീമുകളും ഹാമിഷിനെ നോട്ടമിട്ടിരുന്നു. എന്നാൽ താരത്തിന്റെ ഉയർന്ന പ്രതിഫലം തടസമായതോടെ ഈ നീക്കങ്ങൾ പരാജയപ്പെട്ടു.