SHARE

ഇം​ഗ്ലീഷ് ഫുട്ബോളിലെ സൂപ്പർതാരം ജെയ്മി വാർഡി ഇനി ക്ലബുടമ. അമേരിക്കൻ ക്ലബ് റോച്ചെസ്റ്റർ റൈനോസിന്റെ സഹഉടമയായാണ് വാർഡിയുടെ പുതിയ റോൾ. ഇന്നലെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.

അമേരിക്കയിലെ രണ്ടാം ഡിവിഷനായ യുണൈറ്റഡ് സോക്കർ ലീ​ഗിൽ(യു.എസ്.എൽ) കളിച്ചിരുന്ന ടീമാണ് റൈനോസ്. എന്നാൽ 2017 മുതൽ ചില പ്രശ്നങ്ങളെത്തുടർന്ന് ഇവർ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. അടുത്ത വർഷം ലീ​ഗിൽ തിരിച്ചെത്താനാണ് ന്യൂയോർക്ക് കേന്ദ്രീകരിച്ചുള്ള ഈ ക്ലബിന്റെ നീക്കം. ഇതിന്റെ ഭാ​ഗമായാണ് വാർഡിയും ക്ലബിന്റെ ഓഹരി സ്വന്തമാക്കിയത്.

1996-ൽ സ്ഥാപിതമായ റൈനോസ് ക്ലബ് അമേരിക്കിയിലെ താഴ്ന്ന ഡിവിഷൻ ലീ​ഗുകളിലെ ഏറ്റവും ജനപ്രീയ ടീമുകളിലൊന്നാണ്. പല മേജർ ലീ​ഗ് സോക്കർ ടീമുകളേതിനേക്കാൾ കാണികൾ, റൈനോസിന്റെ മത്സരങ്ങൾ കാണാൻ എത്തിയിരുന്നുവെന്നത് ഈ ജനപ്രീതിക്ക് ഉദാഹരണമാണ്. അമേരിക്കയിലെ എല്ലാ ക്ലബുകളും പങ്കെടുക്കുന്ന യു.എസ്. ഓപ്പൺ കപ്പ് കിരീടമുയർത്തിയ, മേജർ ലീ​ഗിന് പുറത്തുള്ള ആദ്യ ക്ലബാണ് റൈനോസ്.

ഇം​ഗ്ലീഷ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ സ്ട്രൈക്കറാണ് വാർഡി. 34-കാരനായ വാർഡി ക്ലബിന്റെ പ്രീമിയർ ലീ​ഗ്, എഫ്.എ കപ്പ് കിരീടനേട്ടങ്ങളിൽ നിർണായകപങ്ക് വഹിച്ചു. 2019-20 സീസണിൽ ലീ​ഗ് ടോപ് സ്കോററിനുള്ള ​ഗോൾഡൻ ബൂട്ടും വാർഡിക്കായിരുന്നു.