SHARE

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ജംഷദ്പൂർ എഫ്‌ സി ഇന്ന് എ ടി കെ യെ നേരിടും. രാത്രി 8 മണി മുതൽ ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെ ആർ ഡി ടാറ്റ കോമ്പ്ലക്സിലാണ് മത്സരം.ഈ വർഷം ഐ എസ് എൽ അരങ്ങേറ്റം കുറിച്ച ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരമാണിത്.

സ്റ്റീവ് കോപ്പൽ എന്ന തന്ത്രശാലിയായ പരിശീലകന്റെ കീഴിൽ കളിക്കാനിറങ്ങിയിട്ടും ആദ്യ രണ്ട് മത്സരങ്ങളിലും സമനിലക്കെട്ട് പൊട്ടിക്കാൻ ജംഷദ്പൂരിന് കഴിഞ്ഞിരുന്നില്ല. മുൻ മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയും ഗോൾ രഹിത സമനില നേടാനെ അവർക്ക് കഴിഞ്ഞുള്ളൂ. അതേ സമയം എവേ ഗ്രൗണ്ടിൽ നേടിയ രണ്ട്‌ സമനിലകൾക്ക്‌ വിജയത്തിന്റെ മധുരമുണ്ടെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന കോപ്പലാശാൻ, ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്.രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലാത്ത മികച്ച പ്രതിരോധമാണ് ജംഷദ്പൂരിന്റെ കരുത്ത്. ഗോൾ കീപ്പർ സുബ്രതാ പോളും മികച്ച ഫോമിലാണ്.

അതേ സമയം എഫ് സി പൂനെ സിറ്റിയോടേറ്റ കനത്ത പരാജയത്തിൽ (4-1) നിന്ന് പൂർണ‌മുക്തരാകാതെയാണ് എ ടി കെ ഇന്നത്തെ മത്സരത്തിനിറങ്ങുക. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് നേടിയ സമനിലയിൽ നിന്ന് ലഭിച്ച ഒരു പോയിന്റ് മാത്രമാണ് കൊൽക്കത്തൻ സംഘത്തിന്റെ നാലാം സീസണിലെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ നിലവിൽ ജംഷദ്പൂർ ഏഴാമതും എ ടി കെ ഒൻപതാമതുമാണ്. മുന്നിലേക്ക് കയറാൻ ഇരു കൂട്ടർക്കുംവിജയം അനിവാര്യമാണെന്നതിനാൽ വാശിയേറിയ പോരാട്ടം തന്നെയാകുംഇന്ന് ജെ ആർ ഡി ടാറ്റ സ്പോർട്സ് കോമ്പ്ലക്സിൽ അരങ്ങേറുക