SHARE

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്ത മലയാളി താരം രഹനേഷ് ടിപി ഇത്തവണ ടീം വിടുമെന്ന് സൂചനകൾ. ജംഷദ്പൂർ എഫ് സി, താരവുമായി കരാർ ഒപ്പിടുന്നതിന് അരികെയാണെന്ന് ഗോൾ ഡോട്ട് കോം ആണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.

2019 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച രഹനേഷിന്റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ പ്രകടനങ്ങൾ പക്ഷേ നിരാശാജനകമായിരുന്നു. പോയ സീസണിലെ പല മത്സരങ്ങളിലും താരത്തിന്റെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. ഇതോടെ വലിയ വിമർശനങ്ങളാണ് പോയ സീസണിൽ താരം ഏറ്റുവാങ്ങിയത്.

ആൽബിനോ ഗോമസ്, പ്രബ് സുഖൻ സിംഗ് എന്നീ ഗോൾകീപ്പർമാരെ ഇക്കുറി പുതുതായി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചതോടെ രഹനേഷിന്റെ ക്ലബ്ബിലെ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്നു‌. അത് കൊണ്ടു‌തന്നെ ക്ലബ്ബ് വിടുന്നത് രഹനേഷിനെ സംബന്ധിച്ചിടത്തോളം മികച്ച നീക്കമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിന്റെ ഗോൾ വല കാത്ത സീനിയർ ഗോൾകീപ്പർ സുബ്രതാ പോൾ ഇക്കുറി ടീം വിട്ടിരുന്നു. ഈ സ്ഥാനത്തേക്കാണ് രഹനേഷിനെ അവർ നോക്കിക്കാണുന്നതെന്നാണ് സൂചന.