SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്ക് ഒരു വിദേശതാരത്തെ കൂടി ഒപ്പം കൂട്ടി ജെംഷദ്പുർ എഫ്സി. നൈജീരിയൻ സ്ട്രൈക്കർ ഡാനിയേൽ ചിമയാണ് ജെംഷദ്പുർ ജേഴ്സിയണിയാൻ തയ്യാറെടുക്കുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ഇക്കുറി ഐഎസ്എല്ലിൽ ഈസ്റ്റ് ബം​ഗാളുമായാണ് ചിമ ആദ്യം കരാറിലെത്തിയത്. സീസണിന്റെ ആദ്യ പകുതിയിലെ ഒട്ടേറെ മത്സരങ്ങളിൽ ചിമ ഈസ്റ്റ് ബം​ഗാളിനായി കളിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന ചിമ വെറും രണ്ട് ​ഗോൾ മാത്രമാണ് ക്ലബിനായി നേടിയത്. ഇതോടെയാണ് താരത്തെ റിലീസ് ചെയ്യാൻ ക്ലബ് തീരുമാനിച്ചത്. ചിമയ്ക്ക് പകരം ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സെലോ റിബേയ്റോ ക്ലബിനൊപ്പം ചേരുകയും ചെയ്തു.

അടുത്തിടെ ക്ലബ് വി‌ട്ട ലിത്വാനിയൻ സ്ട്രൈക്കർ നെരിജൂസ് വാൽസ്കിസിന് പകരമായാണ് ജെംഷദ്പുർ ചിമയെ ഒപ്പം കൂട്ടുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ ജെംഷദ്പുരിലെത്തിയ വാൽസ്കിസ് ഇക്കുറി മുൻ ക്ലബായ ചെന്നൈയിനിലേക്ക് മടങ്ങുകയായിരുന്നു.