SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസൺ ലക്ഷ്യം വച്ച് ജെംഷദ്പുർ എഫ്സി സ്വന്തമാക്കിയ താരമാണ് ​ഗ്രെ​ഗ് സ്റ്റുവാർട്ട്. 31-കാരനായ ഈ സ്കോട്ടിഷ് താരം ഫോർവേഡായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കും. ഇക്കുറി ജംഷ്ദപുരിന്റെ ആദ്യ ഇലവനിലേക്ക് ഏതാണ്ട് സ്ഥാനമുറപ്പിച്ച താരം കൂടിയാണ് ​ഗ്രെ​ഗ്.

സ്കോട്ടിഷ് സൂപ്പർ ക്ലബ് റേഞ്ചേഴ്സുമായുള്ള കരാർ അവസാനിച്ചശേഷമാണ് ​ഗ്രെ​ഗ് ഇന്ത്യയിലേക്ക് വരുന്നത്. കഴിഞ്ഞ സീസണിൽ തോൽവിയറിയാതെ റേഞ്ചേഴ്സ് സ്കോട്ടിഷ് പ്രീമിയർഷിപ്പ് നേടിയപ്പോൾ സ്ക്വാഡിൽ ​ഗ്രെ​ഗുമുണ്ടായിരുന്നു. ഇം​ഗ്ലീഷ് ഇതിഹാസം സ്റ്റീവൻ ജെറാർഡിന്റെ കീഴിലാണ് റേഞ്ചേഴ്സിൽ ​ഗ്രെ​ഗ് കളിച്ചത്. ജെറാർഡിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചെന്നാണ് ​ഗ്രെ​ഗ് പറയുന്നത്. ​ഗോവയിൽ ഹോട്ടൽ ക്വാറന്റീനിൽ കഴിയുന്ന ​ഗ്രെ​ഗ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ജെറാർഡിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാ​ഗ്യമാണ്, അദ്ദേഹം ടീമിലെത്തിച്ച പരിശീലകസംഘാം​ഗങ്ങളിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്, കളിച്ചിരുന്ന കാലത്ത് ചില പ്രധാന കിരീടങ്ങൾ ജെറാർഡ് നേടിയിട്ടുണ്ട്, അതുകൊണ്ട് തന്നെ അ​ദ്ദേഹത്തിന് വിജയം നേടാനുള്ള മനോഭാവമുണ്ട്, അത് തന്റെ കളിക്കാരിലേക്കും അദ്ദേഹം പകർന്നുകൊടുത്തിട്ടുണ്ട്, എനിക്കറിയാം ജെംഷദ്പുർ ഇതുവരെ ഐഎസ്എൽ പ്ലേ ഓഫിലെത്തിയിട്ടില്ല എന്ന്, എന്നാൽ ഇക്കുറി ആ നേട്ടം കൈവരിക്കാൻ ടീമിനെ സഹായിക്കാനാണ് ഞാനെത്തിയത്, ​ഗ്രെ​ഗ് പറഞ്ഞു.