SHARE
ഹോബ്സ്(25)

ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സി ഇം​ഗ്ലീഷ് പ്രതിരോധതാരം ജാക്ക് ഹോബ്സിനെ നോട്ടമിടുന്നതായി റിപ്പോർട്ടുകൾ. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലിവർപൂളിന്റെ മുൻതാരമായ ഹോബ്സുമായി ജെംഷദ്പുർ ചർച്ചകൾ തുടങ്ങിയതായി ഖേൽനൗവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്യാപ്റ്റനും സീനിയർ താരവുമായിരുന്ന ടിരി കഴിഞ്ഞ സീസണൊടുവിൽ ജെംഷദ്പുർ വിട്ടിരുന്നു. ഈ സ്പാനിഷ് താരം പോയ ഒഴിവിലേക്ക് പരിചയസമ്പന്നനെ കൊണ്ടുവരാനാണ് ക്ലബിന്റെ തീരുമാനം. ഇതോടെയാണ് ഈ 31-കാരൻ ജെംഷദ്പുരിന്റെ റഡാറിൽ എത്തിയത്. 2004-ൽ ലിങ്കൺ സിറ്റിയിലൂടെയാണ് ഹോബ്സിന്റെ അരങ്ങേറ്റം. തൊട്ടടുത്ത വർഷം ലിവര‍പൂളിലെത്തി. എന്നാൽ അവരുടെ സീനിയർ ടീമിൽ മൂന്ന് സീസണിൽ നിന്ന് ആകെ അഞ്ച് മത്സരങ്ങളാണ് ഹോബ്സ് കളിച്ചത്. കൂടുതൽ സമയവും മറ്റ് ക്ലബുകൾക്കായി ലോണിൽ കളിക്കുകയായിരുന്നു.

പിന്നീട് ലെസ്റ്റർ സിറ്റി, ഹൾ സിറ്റി, നോട്ട്ങാം ഫോറസ്റ്റ് തുടങ്ങിയ ക്ലബുകൾക്കായും ഹോബ്സ് കളിച്ചു. സൂപ്പർക്ലബായ ബോൾട്ടൻ വാൻഡറേഴ്സിനെ വേണ്ടിയാണ് ഒടുവിൽ കളിച്ചത്. ജെംഷദ്പുരിന്റെ പരിശീലകനായി ഒവൻ കോയ്ൽ നിയമിതനാകാൻ ഒരുങ്ങുകയാണ്. ഇത് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ വിദേശതാരങ്ങളുടെ കാര്യത്തിലും അതിവേ​ഗ നീക്കങ്ങൾക്കാണ് ക്ലബ് ഒരുങ്ങുന്നത്.