SHARE

നോര്‍ത്ത് ഈസ്റ്റിനെ സ്വന്തം തട്ടകത്തില്‍ 1-0ത്തിന് വീഴ്ത്തി സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്‌സി പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തു. പന്തടക്കത്തിലും ആക്രമണത്തിലും പിന്നിലായിരുന്നെങ്കിലും ഒരു ഗോള്‍ മതി കളി ജയിക്കാനെന്ന ബോധ്യവുമായി കളിച്ച ജംഷഡ്പൂരിനായി വലകുലുക്കിയത് വെല്ലിംഗ്ടണ്‍ പ്രയോറി (51) ആണ്. ജയത്തോടെ 15 കളിയില്‍ 25 പോയിന്റുമായി കോപ്പലിന്റെ ടീം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ജംഷഡ്പൂരിന്റെ ജയം ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്കും കരിനിഴല്‍ വീഴ്ത്തി.

സ്വന്തം തട്ടകത്തില്‍ ജയവും വിലപ്പെട്ട മൂന്നു പോയിന്റുകളും സ്വന്തമാക്കാന്‍ ഇറങ്ങിയ ജംഷഡ്പൂര്‍ എഫ്‌സിക്ക് നല്ല പോരാട്ടമാണ് നോര്‍ത്ത് ഈസ്റ്റ് തുടക്കത്തിലേ നല്കിയത്. പതിവുപോലെ പ്രതിരോധത്തിലൂന്നിയ കളിയാണ് സ്റ്റീവ് കോപ്പലിന്റെ സംഘം തുടക്കത്തിലേ പുറത്തെടുത്തത്. ആദ്യ 20 മിനിറ്റില്‍ കാര്യമായ മുന്നേറ്റം കാഴ്ച്ചവയ്ക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല.

ആദ്യ പകുതിയില്‍ വലകുലുക്കാന്‍ ആര്‍ക്കും സാധിച്ചില്ലെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ ആധിപത്യം തന്നെയായിരുന്നു. സുബ്രതോ പോളിന്റെ രണ്ട് സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ജംഷഡ്പൂര്‍ രണ്ടു ഗോളിനെങ്കിലും പിന്നിലാകേണ്ടതായിരുന്നു. രണ്ടാംപകുതിയില്‍ മറ്റൊരു ജംഷഡ്പൂരിനെയാണ് കണ്ടത്. 51മത്തെ മിനിറ്റില്‍ തന്നെ ആതിഥേയര്‍ വെടിപൊട്ടിച്ചു. ഇസു അസൂക്കയുടെ പാസില്‍ വെല്ലിംഗ്ടണ്‍ പ്രയോറിയുടെ തകര്‍പ്പന്‍ ഗോള്‍. ഒരു ഗോളിന് പിന്നിലായെങ്കിലും നോര്‍ത്ത് ഈസ്റ്റ് അവസരങ്ങള്‍ ഒരുക്കിയെടുക്കുന്നതില്‍ പിന്നിലായില്ല. എന്നാല്‍ ഫിനിഷിംഗിലെ പിഴവുകള്‍ തുടര്‍ന്നു.

ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിക്കുകയും ഗോവയും പൂനെയും അടക്കം മുന്‍നിരയിലുള്ള ടീമുകള്‍ മൂന്ന് മത്സരങ്ങളെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ പ്ലേഓഫിന് നേരിയ സാധ്യതയുണ്ട്. വെള്ളിയാഴ്ച്ച ബെംഗളൂരു എഫ്‌സി ഗോവയെ 2-0ത്തിന് തോല്പിച്ചത് ബ്ലാസ്‌റ്റേഴ്‌സിന് അനുഗ്രഹമായി. ഗോവയ്ക്ക് ഇപ്പോള്‍ 13 കളിയില്‍ 20 പോയിന്റാണ് സമ്പാദ്യം. അടുത്ത അഞ്ച് കളിയില്‍ രണ്ടെണ്ണം കൂടി അവര്‍ തോല്ക്കുകയും ബ്ലാസ്റ്റേഴ്‌സ് ജയിക്കുകയും ചെയ്താല്‍ മഞ്ഞപ്പടയെ പ്ലേഓഫില്‍ കാണാനായേക്കും.