SHARE

ഫുട്ബോൾ ആരാധകർക്ക് എന്നും അത്ഭുതമാണ് ജാപ്പനീസ് ഫുട്ബോൾ താരം കസുയോഷി മിയുറ. അമ്പത് വയസ് കഴിഞ്ഞും പ്രഫഷണിൽ ലീ​ഗിൽ കളി തുടർന്ന മിയുറ ഉടനെയൊന്നും വിരമിക്കാൻ പദ്ധതിയില്ല. അതിന് തെളിവാണ് കഴിഞ്ഞ ദിവസം മിയുറ ക്ലബുമായി കരാർ പുതുക്കിയത്.

ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബായ യോക്കോഹോമ എഫ്.സിയുടെ താരമാണ് മിയുറ. ഇപ്പോൾ അമ്പത്തൊന്ന് വയസുള്ള മിയുറ ക്ലബുമായി 2019 സീസണിലേക്ക് കൂടി കരാർ പുതുക്കി.ഇതോടെ കരിയറിലെ 34-ാം പ്രൊഫഷണൽ സീസണിലേക്കാണ് മിയുറ തയ്യാറെടുക്കുന്നത്. പ്രൊഫഷണൽ ഫുട്ബോളിൽ ​ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം ഇപ്പോൾ തന്നെ മിയുറയുടെ പേരിലാണ്.

1986-ൽ ബ്രസീലിലാണ് മിയൂറ കരിയർ ആരംഭിക്കുന്നത്. സാന്റോസടക്കമുള്ള വൻ ക്ലബുകൾക്കായും മിയുറ കളിച്ചിട്ടുണ്ട്. 1990 മുതൽ പത്ത് വർഷം ജപ്പാൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട് മുന്നേറ്റനിരക്കാരനായ മിയുറ. 89 മത്സരങ്ങളിൽ നിന്ന് 55 ​ഗോളുകളും നേടിയിട്ടുണ്ട്. 1993-ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം മിയുറയ്ക്കായിരുന്നു.