SHARE

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 381 റൺസിന്റെ പടുകൂറ്റൻ ജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. വിൻഡീസിന്റെ ഈ തകർപ്പ‌ൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് രണ്ടാമിന്നിംഗ്സിൽ ഗംഭീര ഇരട്ട സെഞ്ചുറി നേടിയ നായകൻ ജേസൺ ഹോൾഡറിന്റെ ബാറ്റിംഗ് പ്രകടനവും. രണ്ടാമിന്നിംഗ്സിൽ വിൻഡീസ് 120/6 എന്ന നിലയിൽ തകർന്നിരിക്കുമ്പോളായിരുന്നു ഹോൾഡറിന്റെ ക്രീസിലേക്കുള്ള ‌രംഗ പ്രവേശം. 229 പന്തിൽ 23 ബൗണ്ടറികളും, 8 സിക്സറുകളുമുൾപ്പെടെ 202 റൺസ് നേടിയ താരം പുറത്താകാതെ നിന്ന് ടീമിനെ 415/6 എന്ന കൂറ്റൻസ്കോറിലേക്ക് നയിക്കുകയും ചെയ്തു.

ഈ ഇരട്ട സെഞ്ചുറിയോടെ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ തകർപ്പൻ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഹോൾഡർ. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ രണ്ടാമിന്നിംഗ്സിൽ ആറോ അതിൽ താഴെയോ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങി ഇരട്ട സെഞ്ചുറി നേടുന്ന‌ രണ്ടാം താരമാണ് ജേസൺ ഹോൾഡർ. സാക്ഷാൽ ഡോൺ ബ്രാഡ്മാൻ മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. 1937 ൽ മെൽബണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാഡ്മാന്റെ ഈ നേട്ടം.