SHARE

ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇല്ലാത്ത വിക്കറ്റിന് പുറത്താകേണ്ടി വന്ന ഇംഗ്ലീഷ് താരം ജേസണ്‍ റോയിയെ കാത്ത് ശിക്ഷാവിധി. അംപയറുടെ തീരുമാനത്തോട് അനിഷ്ടം പ്രകടിപ്പിച്ച റോയിക്ക് ചിലപ്പോള്‍ വിലക്ക് ലഭിച്ചേക്കാം. ഐസിസി അച്ചടക്ക സമിതിക്ക് മാച്ച് റഫറി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിലക്കാണെങ്കില്‍ ഫൈനല്‍ കളിക്കാന്‍ റോയ് ഉണ്ടാകില്ല. എന്നാല്‍ മാച്ച് ഫീയില്‍ പിഴ ഒതുക്കാനാണ് സാധ്യത.

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു റോയിയുടെ ശ്രമം. പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചു. ഡിആര്‍എസ് ആവശ്യപ്പെടാന്‍ ഇംഗ്ലണ്ടിന് അവസരം ബാക്കിയുണ്ടായിരുന്നില്ല. പുറത്താകുമ്പോള്‍ 65 പന്തില്‍ 85 റണ്‍സാണ് റോയ് നേടിയത്. അസംതൃപ്തിയോടെയായിരുന്നു റോയിയുടെ മടക്കം.