SHARE

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകും. കഴിഞ്ഞദിവസം സിയാല്‍ഹെട്ട് സിക്‌സേഴ്‌സിനുവേണ്ടി കളിക്കുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ് ആണ് ഓസീസ് താരത്തിന്റെ പകരക്കാരന്‍. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം മാത്രമുള്ള സിക്‌സേഴ്‌സിന് വാര്‍ണറിന്റെ മടക്കം തിരിച്ചടിയായി.

വാര്‍ണര്‍ ഈ സീസണില്‍ 141 റണ്‍സാണ് ടീമിനായി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം രംഗ്പൂര്‍ റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ 36 പന്തില്‍ 61 റണ്‍സ് നേടിയ വാര്‍ണര്‍ വലം കൈ ഉപയോഗിച്ചും ബാറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പരിക്കിനെത്തുടര്‍ന്ന് കൈമുട്ടില്‍ ശസ്ത്രക്രിയ വേണ്ടി വരുന്ന വാര്‍ണറിന് എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ഒരു മാസത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണറിനൊപ്പം വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായിരുന്നു. അതേ സമയം ഒരു മാസം വിശ്രമം മതിയെന്നതിനാല്‍ ഈ പരിക്ക് ഓസീസ് ടീമിലേക്കുള്ള വാര്‍ണറിന്റെ മടങ്ങി വരവ് വൈകിക്കില്ല. താരത്തിന്റെ ഐപിഎല്‍ പങ്കാളിത്തത്തേയും ഇത് ബാധിക്കില്ലെന്നാണ് സൂചനകള്‍.