SHARE

സിഡ്നി ടെസ്റ്റിന് ശേഷം മൂന്ന് ഇന്ത്യൻ താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്പ്രിത് ബുംറ എന്നിവരായിരുന്നു ഇത്. ഇതിൽ ജഡേജയും, വിഹാരിയും ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഇപ്പോളിതാ ജസ്പ്രിത് ബുംറയും മോശം അവസ്ഥയിലാണെന്നും അദ്ദേഹവും നാലാം ടെസ്റ്റിൽ കളിക്കില്ലെന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു‌.

തിങ്കളാഴ്ച വൈകുന്നേരം ബുംറയ്ക്ക് നടക്കാൻ പോലും കഴിയുന്നില്ലായിരുന്നുവെന്നും, ബ്രിസ്ബെയിൻ ടെസ്റ്റിൽ അദ്ദേഹം കളിക്കാൻ സാധ്യത വളരെ കുറവാണെന്നും ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“തിങ്കളാഴ്ച വൈകുന്നേരം അവന് (ബുംറയ്ക്ക്) നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കുകയാണെങ്കിൽ അതൊരു അത്ഭുതമായിരിക്കും. ബുംറയുടെ കാര്യത്തിൽ റിസ്കെടുക്കാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയും മത്സരത്തിനിടെ അദ്ദേഹത്തിന്റെ പരിക്ക് വഷളാവുകയും ചെയ്താൽ എന്താവും സ്ഥിതി. അതിനാൽ അദ്ദേഹം ഗാബയിൽ കളിക്കുമെന്ന് തോന്നുന്നില്ല.” ബിസിസിസി വൃത്തം വ്യക്തമാക്കി.