SHARE

വെറ്ററൻ ഫാസ്റ്റ് ബോളർ ജയ്ദേവ് ഉനദ്കട്ടിനെ ഈ മാസം ആരംഭിക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിനുള്ള സൗരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് അഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഉനദ്കട്ടിനെ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ മീറ്റിംഗിന് ശേഷമാണ് വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ സൗരാഷ്ട്ര പ്രഖ്യാപിച്ചത്. ദേശീയ സെലക്ടർമാർ ക്കെതിരെ വിമർശനം ഉന്നയിച്ച് വിവാദത്തിലായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷെൽഡൺ ജാക്ക്സണും സൗരാഷ്ട്ര ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം സൗരാഷ്ട്ര ടീമിലെ ഇന്ത്യൻ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വർ പുജാര എന്നിവരും ഈ ടീമിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ഇവരിരുവരും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.‌

നേരത്തെ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ ദയനീയ പ്രകടനമായിരുന്നു സൗരാഷ്ട്രയുടേത്. എലൈറ്റ് ഗ്രൂപ്പ് എ യിൽ കളിച്ചിരുന്ന സൗരാഷ്ട്ര എട്ട് മത്സരങ്ങളിൽ മൂന്ന് വിജയം മാത്രമായിരുന്നു പോയ വർഷം നേടിയത്.