SHARE

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ജെജെ ലാൽപെഖുല പുതിയ തട്ടകം തേടുന്നു. സ്ട്രൈക്കറായ താരം കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ഈസ്റ്റ് ബം​ഗാളിനായാണ് കളിച്ചത്. എന്നാൽ അടുത്ത സീസണിൽ താരം പുതിയ ക്ലബിനൊപ്പം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദീർഘകാലം ചെന്നൈയിൻ എഫ്.സിക്കായി കളിച്ച ജെജെ, കഴിഞ്ഞ സീസണിലാണ് ഈസ്റ്റ് ബം​ഗാളിലെത്തിയത്. ഐ.എസ്.എല്ലിലേക്ക് ആദ്യമായെത്തിയ ഈസ്റ്റ് ബം​ഗാൾ ഏറെ പ്രതീക്ഷയർപ്പിച്ച താരമായിരുന്നു ജെജെ. എന്നാൽ സീസണിലാകെ നാല് മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിലിറങ്ങിയ ജെജെ ഒരു ​ഗോളാണ് നേടിയത്. ടീമെന്ന നിലയിൽ ഈസ്റ്റ് ബം​ഗാളിന്റെ പ്രകടനവും ഏറെ നിരശാപ്പെടുത്തുന്നതായിരുന്നു. തുടർന്നാണിപ്പോൾ ജെജെ പുതിയ ക്ലബ് തേടുന്നത്.

വാർത്താ വെബ്സൈറ്റായ ഫുട്ബോൾ മോങ്കിന്റെ റിപ്പോർട്ട് പ്രകാരം ജെജെയുടെ ഈസ്റ്റ് ബം​ഗാളുമായുള്ള കരാർ അവസാനിച്ചു. ഐ.എസ്.എൽ ക്ലബ് തന്നെയായ ഒഡിഷ എഫ്.സിയാണ് ജെജെയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നത്. ജെജെയും ഒഡിഷയും തമ്മിൽ ചർച്ചകൾ തുടങ്ങിക്കഴി‍ഞ്ഞെന്നാണ് റിപ്പോർട്ടുകൾ.