SHARE

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന്റെ വിജയക്കുതിപ്പ് മാത്രമായിരുന്നു വാര്‍ത്ത. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടിയെത്തിയതോടെ ടീം അപരാജിതരെന്ന ഖ്യാതിയും നേടി. എന്നാല്‍ സാക്ഷാല്‍ റോണോ ഗോളടിച്ചിട്ടും യുവന്റസിനെ പിടിച്ചു കെട്ടിയിരിക്കുകയാണ് ജെനോവ സിഎഫ്‌സി എന്ന ക്ലബ്. യുവന്റസിന്റെ വിപണിമൂല്യത്തിനു മുന്നില്‍ കുഞ്ഞന്മാരാണെങ്കിലും ജെനോവ അത്ര സിംപിളല്ല.

ഇറ്റലിയിലെ ആദ്യത്തെ ഫുട്‌ബോള്‍ ക്ലബാണ് ജെനോവ. 1893ലാണ് ക്ലബ് സ്ഥാപിക്കപ്പെടുന്നത്. ജനകീയ അടിത്തറയുള്ള ക്ലബിനെ തേടി ഇക്കാലത്ത് നിരവധി പുരസ്‌കാരങ്ങളും എത്തി. ഒന്‍പത് തവണ ഇറ്റാലിയന്‍ ചാമ്പ്യന്‍ഷിപ്പ് നേടാനും ക്ലബിനായി. അതിലും രസകരമായ മറ്റൊരു വസ്തുത ജെനോവയ്ക്ക് സ്വന്തമായി ക്രിക്കറ്റ് ടീം ഉണ്ടെന്നതാണ്.

ഇറ്റാലിയന്‍ ലീഗിലും ഈ ക്രിക്കറ്റ് ടീം മത്സരിക്കുന്നുണ്ട്. ജെനോവ ക്രിക്കറ്റ് ആന്‍ഡ് ഫുട്‌ബോള്‍ ക്ലബ് എന്നാണ് ക്ലബിന്റെ മുഴുവന്‍ പേര്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ 1-1നാണ് യുവന്റസിനെ ജെനോവ തളച്ചത്. പതിനെട്ടാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ യുവന്റസ് മുന്നിലെത്തി. ഡാനിയേല്‍ ബെസ അറുപത്തിയേഴാം മിനിറ്റില്‍ ഗോള്‍ മടക്കിയതോടെ ജെനോവ സമനില നേടി.