ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സിയിലേക്ക് ബ്രസീലിയൻ താരം അലക്സ് മൊന്റേറെ എത്തിയേക്കുമെന്ന് സൂചന. മധ്യനിരതാരവുമായുള്ള ജെംഷദ്പുകരിന്റെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകൾ വിജയിച്ചാൽ ഒരു വർഷത്തെ കരാർ ഈ ബ്രസീൽ താരം ക്ലബുമായി ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ബ്രസീലിയൻ ക്ലബ് ഗ്രെമിയോ മോവെൻസിന്റെ അക്കദമി താരമായ അലക്സ് സ്വിറ്റ്സർലൻഡ്, അമേരിക്ക, ദക്ഷിണകൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് മുമ്പ് കളിച്ചിട്ടുള്ളത്. വിയറ്റ്നാമിലെ പ്രശസ്ത ക്ലബായ ഹോചിമിൻ സിറ്റി എഫ്.സിക്കായാണ് ഒടുവിൽ കളിച്ചത്. ആറ് സീസൺ അമേരിക്കയിലെ മേജർ ലീഗ് സോക്കറിലുണ്ടായിരുന്ന അലക്സ് ചിക്കാഗോ ഫയർ, ഹൂസ്റ്റൺ ഡൈനാമോ എന്നീ പ്രധാന ക്ലബുകളിലാണ് കളിച്ചിരുന്നത്.
അലക്സ് ഹൂസ്റ്റണിൽ കളിക്കുമ്പോൾ അവിടെ പരിശീലകനായിരുന്നത് ഓവൻ കോയ്ലാണ്. ഇപ്പോൾ ജെംഷദ്പുർ പരിശീലകനായ കോയ്ൽ ഈ ബന്ധമുപയോഗിച്ചാണ് അലക്സിനെ കൂടെക്കൂട്ടാൻ ശ്രമിക്കുന്നത്. ലിത്വാനിയൻ താരം നെരിജൂസ് വാൽസ്കിസ്, ഇംഗ്ലീഷ് താരം പീറ്റർ ഹാർട്ട്ലി എന്നീ വിദേശതാരങ്ങൾ ഇതിനകം ജെംഷദ്പുരിലെത്തിയിട്ടുണ്ട്.