SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്ക് ജംഷദ്പുർ എഫ്സി ഏറെ പ്രതീക്ഷയോടെ കാണുന്ന താരമായിരുന്നു ഫോർവേഡായ ഫാറൂഖ് ചൗധരി. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ ഐഎസ്എൽ സീസണിൽ ജംഷദ്പുരിന് ഫാറൂഖിന്റെ സേവനം ലഭിക്കില്ല.

സാഫ് കപ്പിൽ ഇന്ത്യക്കായി കളിക്കവെ ഫാറൂഖിന് കാൽമുട്ടിന് പരുക്കേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാറൂഖിന്റെ കാൽമുട്ടിലെ ലി​ഗമെന്റിനാണ് പരുക്കേറ്റതെന്ന് വ്യക്തമായത്. തുടർന്ന് നവംബർ ആദ്യം ഈ 25-കാരൻ ശസ്ത്രക്രിയക്ക് വിധേയനായി. ഇതോടെ താരത്തിന് ഐഎസ്എല്ലിലെ വലിയൊരു പങ്കും നഷ്ടമാകുമെന്നുറപ്പായിരുന്നു. തുടർന്നാണിപ്പോൾ ക്ലബ് പരിശീലകൻ ഓവൻ കോയൽ തന്നെ ഫാറൂഖ് സീസണിലിനി കളിച്ചേക്കില്ല എന്ന അറിയിച്ചത്.

ഫാറൂഖിന് ഈ സീസണിൽ കളിക്കളത്തിൽ തിരിച്ചെത്താനായാൽ എനിക്കതൊരു സർപ്രൈസാകും, ഈ സീസണിൽ ഫാറൂഖിന്റെ സേവനം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല, ​ഗുരുതരമായ പരുക്കാണ് ഫാറൂഖിന് ഏറ്റത്, വളരെയേറെ പ്രതീഷയോടെയായിരുന്നു ഫാറൂഖ് ഈ സീസണിനായി കാത്തിരുന്നത്, കോയൽ പറഞ്ഞു.