SHARE

അവസാന നിമിഷം വരെ മുന്നിട്ടു നിന്ന ജെംഷഡ്പൂര്‍ എഫ്‌സിയെ മലയാളി താരം മുഹമ്മദ് റാഫിയുടെ ഹെഡര്‍ ഗോളില്‍ ചെന്നൈയ്ന്‍ എഫ്‌സി സമനിലയില്‍ പിടിച്ചു. ഇരുടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് ഗുണവും ദോഷവുമാണ്. ചെന്നൈയ്ന്‍ തോറ്റിരുന്നെങ്കില്‍ മഞ്ഞപ്പടയ്ക്ക് അത് കൂടുതല്‍ ഗുണകരമായേനെ. 16 കളികള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയ്‌നും ജെംഷഡ്പൂരും യഥാക്രമം 28, 26 പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്.

കേരളത്തിന്റെ സാധ്യതകള്‍ പക്ഷേ തുറന്നു തന്നെയാണ് നില്ക്കുന്നത്. ജെംഷഡ്പൂര്‍ എഫ്‌സിയുടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ശക്തരായ ടീമുകള്‍ക്കെതിരേ ആണെന്നത് തന്നെ കാരണം. ബെംഗളൂരു, ഗോവ ടീമുകള്‍ക്കെതിരേയുള്ള ഈ മത്സരങ്ങളില്‍ ഒന്നിലെങ്കിലും ജെംഷഡ്പൂര്‍ തോല്ക്കുകയും ബ്ലാസ്‌റ്റേഴ്‌സ് അടുത്ത രണ്ടിലും ജയിക്കുകയും ഒപ്പം ഗോവ ഒരെണ്ണത്തിലെങ്കിലും തോല്ക്കുകയും ചെയ്താല്‍ ഡേവിഡ് ജെയിംസിന്റെ ടീമിന് പ്ലേഓഫിലെത്താം.

ചെന്നൈയിലെ മറീന അരീനയിലെ മനോഹരമായ സായംസന്ധ്യയില്‍ ജയം ലക്ഷ്യമിട്ടാണ് ഇരുടീമും പന്തു തട്ടാനിറങ്ങിയത്. മരീന അരീനയില്‍ ഈ സീസണില്‍ എല്ലാ കളിയിലും സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെ പന്തുതട്ടിയ ചെന്നൈയ്‌നെതിരേ വ്യക്തമായ പ്ലാനിംഗോടെയാണ് സ്റ്റീവ് കോപ്പലും സംഘവും ഇറങ്ങിയത്. കളിയുടെ തുടക്കത്തില്‍ ഗോള്‍ വഴങ്ങാതെ കളിക്കുകയെന്ന തന്ത്രത്തിലൂന്നിയാണ് ജംഷഡ്പൂര്‍ കളിച്ചു തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ ചെന്നൈയ്‌ന് കൂടുതല്‍ മുന്‍തൂക്കം നല്കാനും ഇതു സഹായിച്ചു. എന്നാല്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കിയ ടാറ്റാ ടീം 32മത്തെ മിനിറ്റില്‍ മുന്നിലെത്തി.

ജെംഷഡ്പൂരിന്റെ കുന്തമുന വെല്ലിംഗ്ടണ്‍ പ്രയോറിയുടെ ബൂട്ടില്‍ നിന്നാണ് നാലാം സീസണിലെ മനോഹര ഗോളുകളിലൊന്ന് പിറന്നത്. 25 വാര അകലെ നിന്നൊരു ബുള്ളറ്റ് ഷോട്ടാണ് ചെന്നൈയ്ന്‍ വലയില്‍ തുളച്ചു കയറിയത്. ജെംഷഡ്പൂര്‍ പകുതിയില്‍ നിന്നുള്ള ഫ്രീകിക്ക് ചെന്നൈയ്ന്‍ ബോക്‌സില്‍ വച്ച് പ്രതിരോധക്കാരന്‍ കുത്തിയകറ്റിയെങ്കിലും വന്നുപെട്ടത് പ്രയോറിയുടെ കാലുകളില്‍. ഒരുനിമിഷം പോലും പാഴാക്കാതെ പ്രയോറി പോസ്റ്റിലേക്ക് പന്തു തൊടുത്തു. ഈ സീസണിലെ 200-ാം ഗോള്‍ ഗോളിക്ക് ഒരവസരവും കൊടുക്കാതെ വലയില്‍. ചെന്നൈയ്ന്‍ തോല്‍വിയുറപ്പിച്ച ഘട്ടത്തിലായിരുന്നു ചെന്നൈയ്‌ന്റെ സമനില ഗോള്‍. കോര്‍ണര്‍ 88മത്തെ മിനിറ്റിലെ റെനെ മിഹെലിച്ചിന്റെ കോര്‍ണറില്‍ ഉയര്‍ന്നു ചാടിയ റാഫി പന്ത് വലയിലെത്തിച്ചു. സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷം. വിലപ്പെട്ട ഒരു പോയിന്റ് ചെന്നൈയ്‌ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരും.